Breaking News

Trending right now:
Description
 
Nov 16, 2017

ചൈനയില്‍ യേശുവിന്റെ ചിത്രം മാറ്റാന്‍ ക്രൈസ്‌തവര്‍ക്ക്‌ നിര്‍ദേശം

image ചൈനയിലെ ക്രൈസ്‌തവ ഭവനങ്ങളില്‍ യേശുക്രിസ്‌തുവിന്റെ ചിത്രങ്ങള്‍ നീക്കാന്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നതായി റിപ്പോര്‍ട്ട്‌. യേശുവിന്റെ ചിത്രത്തിനു പകരം പ്രസിഡന്റ്‌ ഷി ചിന്‍പിങ്ങിന്റെ ചിത്രങ്ങള്‍ സ്ഥാപിക്കണമെന്നാണ്‌ കൈസ്‌ത്രവര്‍ക്കുള്ള നിര്‍ദേശം. യേശുവിന്റെ ചിത്രത്തിനൊപ്പം മതചിഹ്നങ്ങളും മാറ്റേണ്ടതുണ്ട്‌. ദക്ഷിണ പൂര്‍വ ചൈനയിലെ ജിയാങ്‌ഷി പ്രവിശ്യയില്‍പ്പെട്ട യുഗാന്‍ പ്രദേശത്താണ്‌ ഇത്തരത്തില്‍ ക്രിസ്‌തുവിനെ പുറത്താക്കല്‍ നടപടി ആരംഭിച്ചിരിക്കുന്നത്‌. ഇതുവരെ ക്രിസ്‌തുവിന്റെ 624 ചിത്രങ്ങള്‍ മാറ്റി. ദാരിദ്ര്യം ശക്തമായിരിക്കുന്ന ഇവിടെ ജനസംഖ്യയുടെ 10 ശത്മാനമാണ്‌ ക്രിസ്‌ത്യാനികളുള്ളത്‌. ദാരിദ്ര്യമോ രോഗമോ നീക്കാന്‍ ക്രിസ്‌തുവിന്‌ കഴിയില്ലെന്നും ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിക്കു മാത്രമേ ഇതിനു കഴിയൂവെന്നും അധികൃതര്‍ ക്രിസ്‌ത്യാനികളെ ബോധ്യപ്പെടുത്തുന്നുണ്ട്‌. ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയുടെ ആനുകൂല്യങ്ങള്‍ വേണമെങ്കില്‍ തങ്ങളുടെ ഉത്തരവ്‌ നടപ്പാക്കണമെന്നാണ്‌ പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്രിസ്‌ത്യന്‍ഭവനങ്ങളിലെത്തി പറയുന്നത്‌. ഇനി വീടുകളില്‍ പ്രസിഡന്റിന്റെ ചിത്രം മാത്രമേ തൂക്കാവൂ എന്നും ഇവര്‍ ഉപദേശിക്കുന്നുണ്ട്‌. ഒരുകാലത്ത്‌ മാവോയുടെ ചിത്രങ്ങള്‍ ചൈനീസ്‌ ഭവനങ്ങളില്‍ നിര്‍ബന്ധമായി പ്രദര്‍ശിപ്പിച്ചിരുന്നു. ആ കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കിനെ അനുസ്‌മരിപ്പിക്കുന്ന നടപടികളാണ്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്‌.