Breaking News

Trending right now:
Description
 
Nov 14, 2017

മന്ത്രി തോമസ്‌ ചാണ്ടി തുടരുമോ? ഇന്ന്‌ വിധി

image എന്‍സിപിയുടെ മന്ത്രി തോമസ്‌ ചാണ്ടി കസേര ഉപേക്ഷിച്ചു ഇറങ്ങിപോകേണ്ടിവരുമോ എന്നു ഇന്നറിയാം. മന്ത്രിയുമായി ബന്ധപ്പെട്ട നാലുകേസുകള്‍ ഇന്നു ഹൈക്കോടതി ഡിവിഷന്‍ബെഞ്ച്‌ പരിഗണിക്കാനിരിക്കെയാണ്‌ നേതൃത്വം ആശങ്കയിലായിരിക്കുന്നത്‌. എല്‍ഡിഎഫ്‌ അന്ത്യശാസനം നല്‍കിയിട്ടും മന്ത്രിസ്ഥാനം ഉപേക്ഷിക്കാന്‍ തോമസ്‌ ചാണ്ടി തയാറായിട്ടില്ല. തന്റെ നേതൃത്വത്തിലുള്ള വാട്ടര്‍വേള്‍ഡ്‌ കമ്പനിയുടെ കയ്യേറ്റങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ആലപ്പുഴ കലക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ട്‌ റദ്ദാക്കണമെന്ന മന്ത്രിയുടെ ഹര്‍ജിയാണ്‌ ഹൈക്കോടതി ആദ്യം പരിഗണിക്കുക. മന്ത്രിയുടെ കയ്യേറ്റങ്ങള്‍ക്കെതിരെയുള്ള പൊതുതാല്‍പര്യഹര്‍ജികളും തുടര്‍ന്നു പരിഗണിക്കും. കേസ്‌ പ്രതികൂലമായാല്‍ അടുത്ത നടപടി എന്താണ്‌ എന്നതാണ്‌ എന്‍സിപിയുടെ മുന്നിലുള്ള ചോദ്യം. കേസില്‍ അനുകൂലമായ എന്തെങ്കിലും വന്നാല്‍ പിടിച്ചുനില്‍ക്കാമെന്ന പ്രതീക്ഷയിലാണ്‌ ചാണ്ടി. കോണ്‍ഗ്രസ്‌ നേതാവും സുപ്രീംകോടതിയുടെ മുതിര്‍ന്ന അഭിഭാഷകനുമായ വിവേക്‌ തന്‍ഖയാണ്‌ തോമസ്‌ ചാണ്ടിക്കുവേണ്ടി ഹാജരാകുന്നത്‌. മധ്യപ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ്‌ രാജ്യസഭാംഗമാണ്‌ അദ്ദേഹം. ഉച്ചകഴിഞ്ഞ്‌ എന്‍സിപിയുടെ നേതൃയോഗം കൊച്ചിയില്‍ നടക്കും.