Breaking News

Trending right now:
Description
 
Nov 13, 2017

മാര്‍ സെബാസ്‌റ്റിയന്‍ വാണിയപ്പുരയ്‌ക്കല്‍ അഭിഷിക്തനായി

image സീറോ മലബാര്‍ സഭയുടെ കൂരിയ മെത്രാനായി മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്‌ക്കല്‍ അഭിഷിക്തനായി. കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമിനിക്‌സ്‌ കത്തീഡ്രലില്‍ നടന്ന ശുശ്രൂഷയ്‌ക്ക്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മുഖ്യകാര്‍മികനായിരുന്നു. തൃശൂര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്‌ക്കല്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. മാര്‍ വാണിയപ്പുരയ്‌ക്കലിന്റെ ജ്യോഷ്‌ഠസഹോദരന്‍ ഫാ.ജോര്‍ജ്‌ വാണിയപ്പുരയ്‌ക്കല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക്‌ ആര്‍ച്ച്‌ ഡീക്കനായിരുന്നു. പൗരസ്‌ത്യ സുറിയാനി ആരാധനക്രമ പാരമ്പര്യമനുസരിച്ച്‌ രക്തസാക്ഷികളുടെ തിരുശേഷിപ്പു വണക്കത്തോടെയാണ്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌. ശുശ്രൂഷകളുടെ ആരംഭത്തില്‍ സീറോ മലബാര്‍ സഭ കൂരിയ ചാന്‍സലര്‍ ഫാ.ഡോ.ആന്റണി കൊള്ളന്നൂര്‍ നിയമന ഉത്തരവ്‌ വായിച്ചു. പ്രധാന കാര്‍മികന്റെ കൈവയ്‌പ്‌ ശുശ്രൂഷകള്‍ക്കുശേഷം അഭിഷിക്തനായ ബിഷപ്‌ ഔദ്യോഗിക റജിസ്‌റ്ററില്‍ ഒപ്പുവച്ചു. തുടര്‍ന്ന്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കൈമാറിയ കൈസ്ലീവാ ചുംബനം നടത്തിയശേഷം മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്‌ക്കല്‍ കുര്‍ബാന അര്‍പ്പിച്ചു. മെത്രാന്മാരും വൈദികരും സത്യസ്‌തരും വിശ്വാസികളും സംഗമിച്ചപ്പോള്‍ ചടങ്ങുകള്‍ ഭക്തിനിര്‍ഭരമായി.