Breaking News

Trending right now:
Description
 
Nov 13, 2017

തോമസ്‌ ചാണ്ടിയുടെ രാജി; ഉടന്‍ തീരുമാനിക്കണമെന്ന്‌ മുഖ്യമന്ത്രി

image കായല്‍ ഭൂമി കയ്യേറി നിയമലംഘനം നടത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രി തോമസ്‌ ചാണ്ടി രാജിവയ്‌ക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇടതുമുന്നണി യോഗത്തിലാണ്‌ മുഖ്യമന്ത്രി ഘടകകക്ഷിയായ എന്‍സിപിയോട്‌ നിര്‍ദേശിച്ചത്‌. എത്രയും വേഗം നിങ്ങള്‍ തീരുമാനമെടുത്തു അറിയിക്കണമെന്നാണ്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്‌. സര്‍ക്കാരിന്റെ പ്രതിച്ഛായക്കു കളങ്കമായി മാറിയ തോമസ്‌ ചാണ്ടി പ്രശ്‌നം എത്രയും പെട്ടെന്ന്‌ തീര്‍ത്ത്‌ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ്‌ മുന്നണി. തോമസ്‌ ചാണ്ടി രാജിവച്ച്‌ ഒഴിയണമെന്നു അദ്ദേഹത്തെ മുന്നിലിരുത്തി നേതാക്കള്‍ ആവശ്യപ്പെട്ടു. തോമസ്‌ ചാണ്ടിയുടെ രാജി ചര്‍ച്ച ചെയ്യണമെന്നു സിപിഐ നേതാവ്‌ പന്ന്യന്‍ രവീന്ദ്രനാണ്‌ യോഗത്തില്‍ ആദ്യം ആവശ്യപ്പെട്ടത്‌. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു. തോമസ്‌ ചാണ്ടി നിയമലംഘനം നടത്തിയെന്ന കലക്ടര്‍തന്നെ റിപ്പോര്‍ട്ട്‌ നല്‍കിയ സാഹചര്യത്തില്‍ മാറിനില്‍ക്കുന്നതാണ്‌ നല്ലതെന്ന്‌ അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്‌തു. വിവാദം തുടരുന്നത്‌ നല്ലതല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും വ്യക്തമാക്കി. തുടര്‍ന്നു നേതാക്കള്‍ പലരും ഇതേ ആവശ്യം ഉന്നയിച്ചു. തുടര്‍ന്നാണ്‌ തീരുമാനമെടുക്കുന്നതിന്‌ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തിയത്‌. ചൊവ്വാഴ്‌ച കേസ്‌ ഹൈക്കോടതി പരിഗണിക്കുമ്പോള്‍ പ്രഗത്ഭ അഭിഭാഷകരെ കൊണ്ടുവന്ന്‌ അനുകൂല നിലപാടിലേക്ക്‌ കാര്യങ്ങള്‍ അടുപ്പിക്കാമെന്ന പ്രതീക്ഷയാണ്‌ തോമസ്‌ ചാണ്ടിക്കുള്ളത്‌. ഇതേദിവസം കൊച്ചിയില്‍ എന്‍സിപി നേതൃയോഗം ചേരുന്നുണ്ട്‌. ഈയോഗം മന്ത്രി തോമസ്‌ ചാണ്ടിക്ക്‌ നിര്‍ണായകമായിരിക്കും.