Breaking News

Trending right now:
Description
 
Nov 12, 2017

പാക്ക്‌ അധീന കാഷ്‌മീര്‍ പാക്കിസ്ഥാന്റെ ആണെന്നു ഫാറൂഖ്‌ അബ്ദുല്ല

image പാക്ക്‌ അധീന കാഷ്‌മീര്‍ ന്യായമായും പാക്കിസ്ഥാന്‌ അവകാശപ്പെട്ടതാണെന്നു നാഷനല്‍ കോണ്‍ഫറന്‍സ്‌ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ്‌ അബ്ദുല്ലയുടെ പ്രസ്‌താവന വിവാദത്തില്‍. പാക്കിസ്ഥാന്റെ പക്കലുള്ള ഭാഗം അവര്‍ക്കും ഇന്ത്യയുടെ കൈവശമുള്ളത്‌ ഇന്ത്യയ്‌ക്കും അവകാശപ്പെട്ടതാണ്‌. ഇരുരാജ്യങ്ങളും തമ്മില്‍ എത്ര യുദ്ധം നടത്തിയാലും ഈ അവസ്ഥയ്‌ക്കു മാറ്റമുണ്ടാകില്ല. കാഷ്‌മീര്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനുള്ള മധ്യസ്ഥനായി കേന്ദ്രം നിയോഗിച്ച ദിനേശ്വര്‍ ശര്‍മയുടെ കാഷ്‌മീര്‍ ചര്‍ച്ചകളെക്കുറിച്ചു മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ഫാറൂക്‌ അബ്ദുല്ല. സ്‌നേഹംകൊണ്ടാണ്‌ കാഷ്‌മീര്‍ ഇന്ത്യയോടു ചേര്‍ന്നത്‌. എന്നാല്‍ കാഷ്‌മീര്‍ ജനതയെ വഞ്ചിക്കുകയാണ്‌ ഇന്ത്യ ചെയ്‌തത്‌. ആഭ്യന്തര സ്വയംഭരണാവകാശം കാഷ്‌മീര്‍ ജനതയുടെ അവകാശമാണ്‌. എങ്കില്‍ മാത്രമേ സമാധാനം പുനസ്ഥാപിക്കാന്‍ കഴിയുകയുള്ളൂ. ദിനേശ്വര്‍ ശര്‍മ കാഷ്‌മീരില്‍ മാത്രം ചര്‍ച്ച നടത്തിയാല്‍ പോരാ. സമാധാനം ആഗ്രഹിക്കുന്നെങ്കില്‍ പാക്കിസ്ഥാനെയും ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തണം. കാഷമീരിനു സ്വാതന്ത്ര്യം വേണമെന്ന വിഘടന വാദികളുടെ വാദം തെറ്റാണെന്നും ഫാറൂഖ്‌ അബ്ദുല്ല വ്യക്തമാക്കി.