Breaking News

Trending right now:
Description
 
Nov 12, 2017

ഗൂഢാലോചന: ശശികല പക്ഷത്തെ ലക്ഷ്യമിട്ട്‌ ആദായനികുതി റെയ്‌ഡ്‌

image അണ്ണാ ഡിഎംകെ നേതാവ്‌ വി.കെ.ശശികലയുടെ ബന്ധുക്കളുടെയും അടുപ്പക്കാരുടെയും സ്ഥാപനങ്ങളിലും താമസസ്ഥലങ്ങളിലും ആദായനികുതി റെയ്‌ഡ്‌. മൂന്നുദിവസങ്ങളായി നടക്കുന്ന റെയ്‌ഡ്‌ ശനിയാഴ്‌ചയും തുടര്‍ന്നു. ചെന്നൈ ജയ ടിവി ഓഫിസിലും ശശികലയുടെ ബന്ധു ടി.ടി.വി.ദിനകരന്റെ ഫാം ഹൗസിലും പരിശോധന നടത്തി. മൂന്നുദിവസമായി ആയിരത്തോളം ജീവനക്കാര്‍ 187 കേന്ദ്രങ്ങളിലാണ്‌ പരിശോധന പൂര്‍ത്തിയാക്കിയത്‌. ധനമന്ത്രാലയത്തിലെ രഹസ്യ രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ റെയ്‌ഡ്‌. പരിശോധനയില്‍ വന്‍തോതില്‍ പണവും സ്വര്‍ണവും ഒട്ടേറെ രേഖകളും പിടിച്ചെടുത്തുവെന്നും ആദായനികുതിവകുപ്പ്‌ അധികൃതര്‍ വ്യക്തമാക്കി. ചെന്നൈ, ബെംഗളൂര്‌, ഹൈദരാബാദ്‌ എന്നിവിടങ്ങള്‍ക്കു പുറമേ തമിഴ്‌നാട്ടിലെ ഒട്ടേറെ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. ശശികലയുടെ സഹോദരന്‍ വി.ദിവാകരന്റെ ഉടമസ്ഥതയിലുള്ള തിരുവാരൂര്‍ സെങ്കമല തായാര്‍ എജ്യുക്കേഷനല്‍ ട്രസ്‌റ്റ്‌ വിമന്‍സ്‌ കോളജ്‌ ഹോസ്‌റ്റലിലെ ആള്‍താമസമില്ലാത്ത മുറികളില്‍ ഒളിപ്പിച്ചുവച്ചിരുന്ന രത്‌നാഭരണങ്ങളും സ്വിസ്‌ വാച്ചുകളും പിടിച്ചെടുത്തു.

ശശികലയുടെ അനന്തരവന്‍ വിവേക്‌ ജയരാമന്‍, ശശികലയുടെ അഭിഭാഷകന്‍ സെന്തില്‍ എന്നിവരുടെ വീടുകളിലും ദിവാകരന്റെ മന്നാര്‍ ഗുഡിയിലെ കോളജ്‌, സ്‌കൂളുകള്‍, കൊടനാട്‌ എസ്‌റ്റേറ്റ്‌ എന്നിവിടങ്ങളിലും റെയ്‌ഡ്‌ നടത്തി. കണക്കില്‍പ്പെടാത്ത 5.5 കോടിരൂപയും 15 കിലോ സ്വര്‍ണവും, 1500 കോടി രൂപയുടെ അനധികൃത നിക്ഷേപം സംബന്ധിച്ച രേഖകളും പിടിച്ചെടുത്തുവെന്നു സൂചന പുറത്തുവന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. വിശദവിവരങ്ങള്‍ ആദായവകുപ്പ്‌ ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെ ഓഫീസിന്‌ കൈമാറി. ആദായനികുതിവകുപ്പ്‌ നടത്തിയ പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്നു ശശികലയുടെ ബന്ധു ടി.ടി.വി.ദിനകരന്‍ ആരോപിച്ചു. തന്നെയും ജയിലില്‍ കഴിയുന്ന ശശികലയേയും രാഷ്ട്രീയത്തില്‍നിന്നു പുറത്താക്കാനുള്ള ഗൂഢാലോചനയാണ്‌ പരിശോധനയ്‌ക്ക്‌ പിന്നിലെന്നു അദ്ദേഹം കുറ്റപ്പെടുത്തി.