Breaking News

Trending right now:
Description
 
Jan 28, 2013

മനുഷ്യബന്ധങ്ങള്‍ തിരിച്ചറിയുന്ന സമൂഹത്തെ വളര്‍ത്തിയെടുക്കണം: ബെന്നി ബഹനാന്‍ എംഎല്‍എ

image മനുഷ്യബന്ധങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതിന്‌ റെസിഡന്റ്‌ അസോസിയേഷനുകള്‍ക്ക്‌ വലിയ പങ്കുണ്ടെന്ന്‌ തൃക്കാക്കര എംഎല്‍എ ബെന്നി ബഹനാന്‍. കാക്കനാട്‌ സ്റ്റാര്‍വാലി റെസിഡന്റ്‌ അസോസിയേഷന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന്‌ പലരും സാമൂഹികബന്ധങ്ങളില്ലാതെ സ്വാര്‍ത്ഥരായി മാറുന്ന സ്ഥിതിയാണ്‌ കാണുന്നത്‌. സ്വന്തം സഹോദരിയേയും സ്വന്തം അയല്‍വാസിയേയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലേയ്‌ക്ക്‌ മാറുന്ന അവസ്ഥയുണ്ട്‌. മനുഷ്യരും മനുഷ്യരും തമ്മിലുള്ള ബന്ധം നിയമനിര്‍മാണത്തിലൂടെ വളര്‍ത്തിയെടുക്കാന്‍ കഴിയില്ല. എന്നാല്‍, സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യന്‌ പലപ്പോഴും തെറ്റുകള്‍ ചെയ്യാതിരിക്കാന്‍ അത്‌ പ്രേരണയാകും. ഒരു പ്രദേശത്തുള്ളവര്‍ക്ക്‌ ഒരു കൂട്ടുകുടുംബം പോലെ കഴിയാന്‍ സഹായിക്കുന്നതാണ്‌ റെസിഡന്റ്‌ അസോസിയേഷനുകളെന്നും എംഎല്‍എ പറഞ്ഞു.

മാവേലിപുരം എംആര്‍എ ഹാളില്‍ നടത്തിയ വാര്‍ഷികാഘോഷങ്ങളില്‍ സ്‌റ്റാര്‍വാലി റെസിഡന്റ്‌ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ വി.ഇ. ജോസ്‌കുട്ടി അധ്യക്ഷനായിരുന്നു. തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി മുഖ്യ പ്രഭാഷണം നടത്തി. സുഖത്തിലും ദു:ഖത്തിലും പങ്കുചേര്‍ന്നിരുന്ന പഴയകാല പാരമ്പര്യത്തിലേയ്‌ക്ക്‌ മടങ്ങിപ്പോകേണ്ടത്‌ ആവശ്യമാണ്‌ അദ്ദേഹം പറഞ്ഞു. വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ അസോസിയേഷന്‍ അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക്‌ മുനിസിപ്പല്‍ ചെയര്‍മാന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

അസോസിയേഷന്‍ സെക്രട്ടറി മുഹമ്മദ്‌ വാര്‍ഷിക റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. അസോസിയേഷന്‍ തയാറാക്കിയ ഡയറക്ടറിയുടെ പ്രകാശനം മുനിസിപ്പല്‍ കൗണ്‍സിലര്‍ നസീമ ഹുസൈന്‍ നിര്‍വഹിച്ചു. ട്രാക്ക്‌ പ്രസിഡന്റ്‌ എം.എസ്‌. അനില്‍ കുമാര്‍, കാക്കനാട്‌ പോലീസ്‌ സബ്‌ ഇന്‍സ്‌പെക്ടര്‍ ടി.എ. അബ്ദുള്‍ സത്താര്‍, എംആര്‍എ പ്രസിഡന്റ്‌ പോള്‍ മേച്ചേരില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വി.ഇ. ജോസ്‌കുട്ടി സ്വാഗതവും വി. പുഷ്‌കരന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന്‌ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളായി എന്‍. മോഹന്‍ കുമാര്‍ - പ്രസിഡന്റ്‌, കെ.പി. മുഹമ്മദ്‌ - സെക്രട്ടറി, വി. പുഷ്‌കരന്‍ - ട്രഷറര്‍, വി.ഇ. ജോസ്‌കുട്ടി - വൈസ്‌ പ്രസിഡന്റ്‌ എന്നിവരെ തെരഞ്ഞെടുത്തു.