Breaking News

Trending right now:
Description
 
Nov 09, 2017

രണ്ടാംക്ലാസ്‌ വിദ്യാര്‍ഥിയുടെ കൊലപാതകം: 11-ാം ക്ലാസ്‌ വിദ്യാര്‍ഥി അറസ്റ്റില്‍

image ഹരിയാന ഗുരഗ്രാം റയന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ്‌ വിദ്യാര്‍ഥി പ്രദ്യുമ്‌നന്‍ ഠാക്കൂറിനെ (ഏഴ്‌) കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ കേസില്‍ അതേ സ്‌കൂളിലെ 11-ാം ക്ലാസ്‌ വിദ്യാര്‍ഥിയെ സിബിഐ അറസ്റ്റു ചെയ്‌തു. ജുവൈനല്‍ നിയമത്തിന്റെ പശ്ചാത്തലത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ പേരും മറ്റുവിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ സെപ്‌റ്റംബര്‍ എട്ടിന്‌ ശുചിമുറിയിലാണ്‌ പ്രദ്യുമ്‌ന്‍ ഠാക്കൂറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. പരീക്ഷയും പിടിഎ മീറ്റിങ്ങും മാറ്റിവയ്‌ക്കുന്നതിനാണ്‌ കൊലപാതകം നടത്തിയതെന്നു വിദ്യാര്‍ഥി സിബിഐ ഉദ്യോഗസ്ഥര്‍ മുമ്പാകെ മൊഴിനല്‍കി. കൊലപാതകത്തിനു ഉപയോഗിച്ച കത്തി മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം ആദ്യം കണ്ടെന്ന്‌ അധ്യാപകരെ അറിയിച്ചതും സിബിഐ കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ഥിയായിരുന്നു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ്‌ വിദ്യാര്‍ഥിയെ സിബിഐ തിരിച്ചറിഞ്ഞത്‌. വിദ്യാര്‍ഥിയുടെ അറസ്റ്റോടെ ഹരിയാന പൊലീസ്‌ നേരത്തെ അറസ്റ്റു ചെയ്‌ത സ്‌കൂള്‍ ബസ്‌ ജീവനക്കാരന്‍ അശോക്‌ കുമാര്‍ തെറ്റുകാരനല്ലെന്നു സിബിഐ വ്യക്തമാക്കി. പ്രകൃതിവിരുദ്ധ പീഡനത്തിനുശേഷം പ്രദ്യുമ്‌നനെ അശോക്‌ കുമാര്‍ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാല്‍, പ്രദ്യുമ്‌നന്‍ പ്രകൃതിവിരുദ്ധ പീഡനത്തിന്‌ ഇരയായിട്ടില്ലെന്നും സിബിഐ അറിയിച്ചു. അറസ്റ്റിലായ വിദ്യാര്‍ഥി കുറ്റം സമ്മതിച്ചു. ജുവൈനല്‍ കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ഥിയെ മൂന്നുദിവസത്തേക്ക്‌ സിബിഐ കസ്റ്റഡിയില്‍വിട്ടു.