Breaking News

Trending right now:
Description
 
Nov 08, 2017

അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍: മൂന്നു ഭീകരരെ സൈന്യം വധിച്ചു

image കാഷ്‌മീരിലെ പുല്‍വാമ ജില്ലയില്‍ സൈന്യവുമായി നടത്തിയ ഏറ്റുമുട്ടലില്‍ മൂന്നു കൊടുംഭീകരരെ സൈന്യം വധിച്ചു. കാഷ്‌മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന്‌ കേന്ദ്രപ്രതിനിധി ദിനേശ്വര്‍ശര്‍മ എത്തിയതിനു പിന്നാലെയാണ്‌ അതിര്‍ത്തിയില്‍ ഭീകരര്‍ പ്രകോപനം ഉണ്ടാക്കിയത്‌. ജയ്‌ഷെ മുഹമ്മദ്‌ തലവന്‍ മസൂദ്‌ അസ്‌ഹറിന്റെ അനന്തരവന്‍ തല്‍ഹാ റാഷിദ്‌, ജയ്‌ഷെ ദക്ഷിണ കമാന്‍ഡര്‍ മെഹമൂദ്‌ഭായ്‌, പുല്‍വാമ സ്വദേശി വസിം അഹമ്മദ്‌ ഗനി എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗമായ സ്‌പെഷല്‍ ഫോഴ്‌സ്‌ ഉപയോഗിക്കുന്ന യുഎസ്‌ നിര്‍മിത എം4 റൈഫിള്‍ ഉള്‍പ്പെടെ സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തു. ഭീകരസംഘടനയ്‌ക്കു ആയുധം നല്‍കുന്നത്‌ പാക്ക്‌ സൈന്യമാണെന്നത്‌ ഇതോടെ വ്യക്തമായി. തലയ്‌ക്ക്‌ ഇനാം പ്രഖ്യാപിച്ചിട്ടുള്ള പാക്കിസ്ഥാന്‍ സ്വദേശികളായ കൊടുംഭീകരരാണ്‌ ആദ്യത്തെ രണ്ടുപേരെന്നു ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. പുല്‍വാമയിലെ കാണ്ടി അഗ്‌ ലാര്‍ പ്രദേശത്തു ഭീകരരുടെ സാന്നിധ്യമുണ്ടെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ സൈനിക വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ്‌ ഏറ്റുമുട്ടല്‍ ഉണ്ടായത്‌. ഭീകരരുടെ തിരിച്ചടിയില്‍ വ്രഹ്മപാല്‍ സിങ്‌ എന്ന ജവാന്‍ വീരമൃത്യുവരിച്ചു. ഭീകരരുമായി പാക്കിസ്ഥാനുള്ള ബന്ധം വ്യക്തമായ സാഹചര്യത്തില്‍ ഇവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ പാക്കിസ്ഥാനോട്‌ ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെടുമെന്നാണ്‌ വിവരം.