Breaking News

Trending right now:
Description
 
Nov 07, 2017

കള്ളപ്പണം: ബിജെപി മന്ത്രി ഉള്‍പ്പെടെ 714 ഇന്ത്യക്കാരുടെ വിവരം പുറത്ത്‌

image നോട്ട്‌ നിരോധനത്തിന്റെ വാര്‍ഷിക ദിനമായ നവംബര്‍ എട്ടിന്‌ കള്ളപ്പണവിരുദ്ധദിനമായി ആചരിക്കാന്‍ ഒരുങ്ങിയിരിക്കുന്ന കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി കേന്ദ്രമന്ത്രിയും പ്രമുഖരും ഉള്‍പ്പെടുന്ന 714 ഇന്ത്യാക്കാരുടെ വിവരം പുറത്ത്‌. ജര്‍മന്‍ പത്രമായ സൂഡ്ഡോയ്‌ചെസൈറ്റുങ്‌ പുറത്തുവിട്ട പാരഡൈസ്‌ രേഖകളിലാണ്‌ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഇന്ത്യയുള്‍പ്പെടെ 19 രാജ്യങ്ങളില്‍ നടത്തിയ രഹസ്യനിരീക്ഷണങ്ങള്‍ പാരഡൈസ്‌ രേഖകളിലുണ്ട്‌. കേരളരാഷ്ട്രീയത്തിലെ വിവാദകമ്പനി ലാവ്‌ലിനും രേഖകളില്‍ ഇടംതേടി. കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത്‌ സിന്‍ഹ, ബിജെപിയുടെ രാജ്യസഭാംഗം ആര്‍.കെ.സിന്‍ഹ, ബോളിവുഡ്‌ നടന്‍ അമിതാഭ്‌ ബച്ചന്‍, കോണ്‍ഗ്രസ്‌ നേതാക്കളായ വയലാര്‍ രവിയുടെ മകന്‍ രവികൃഷ്‌ണ, വീരപ്പ മൊയ്‌ലിയുടെ മകന്‍ ഹര്‍ഷ മൊയ്‌ലി, ഇന്ത്യവിട്ട വിവാദ വ്യവസായി വിജയ്‌ മല്യ, 2ജി സ്‌പെക്ട്രം ഇടപാടിലെ ഇടനിലക്കാരി നീര റാഡിയ, സഞ്‌ജയ്‌ ദത്തിന്റെ ഭാര്യ മാന്യത ദത്ത്‌ എന്നിവരുടെ പേരുകളും സണ്‍ ടിവി, എസാര്‍ ലൂപ്‌, സിക്വിസ്റ്റ ഹെല്‍ത്ത്‌ കെയര്‍, ജിഎംആര്‍ ഗ്രൂപ്പ്‌, അപ്പോളോ ടയേഴ്‌സ്‌, ഹിന്ദുജ തുടങ്ങി ഒട്ടേറെ കോര്‍പ്പറേറ്റുകളുടെ പേരുകളും പട്ടികയിലുണ്ട്‌. നികുതി വെട്ടിച്ച്‌ വേദേശത്ത്‌ കോടികളുടെ നിക്ഷേപം നടത്തിയ വമ്പന്മാരില്‍ ബ്രിട്ടനിലെ എലിസബത്ത്‌ രാജ്ഞിയുടെ പേരുമുണ്ട്‌. എന്നാല്‍, രാജ്ഞിയുടെ നിക്ഷേപത്തില്‍ നികുതിവെട്ടിപ്പു നടത്തിയിട്ടുണ്ടോയെന്നു രേഖ വ്യക്തമായി പറയുന്നില്ല. ലോകമെമ്പാടുമുള്ള വ്യവസായ, രാഷ്ട്രീയ നേതാക്കളുടെ നിയമവിരുദ്ധ രഹസ്യനിക്ഷേപങ്ങളുടെ വിവരങ്ങള്‍ പാനമ രേഖകളിലൂടെ പുറത്തുകൊണ്ടുവരാന്‍ വിവരങ്ങള്‍ ശേഖരിച്ച ഇന്റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഓഫ്‌ ഇന്‍വെസ്റ്റിഗേറ്റീവ്‌ ജേണലിസ്റ്റ്‌സ്‌ ആണ്‌ പാര ഡൈഡ്‌ രേഖകളെക്കുറിച്ചും അന്വേഷിച്ചത്‌. 67 രാജ്യങ്ങളില്‍നിന്നുള്ള നൂറോളം മാധ്യമങ്ങള്‍ ഈ അന്വേഷണത്തില്‍ പങ്കാളികളായി.