Breaking News

Trending right now:
Description
 
Nov 06, 2017

അഴിമതി: സൗദിയില്‍ 11 രാജകുടുംബാംഗങ്ങള്‍ കസ്റ്റഡിയില്‍

image അഴിമതിയും പൊതുമുതല്‍ ധൂര്‍ത്തും തടയുന്നതിന്റെ ഭാഗമായി സൗദ്യ അറേബ്യ ശക്തമായ നടപടികള്‍ ആരംഭിച്ചു. അന്തരിച്ച അബ്ദുള്ള രാജാവിന്റെ മക്കളായ മിതെബ്‌, തുര്‍ക്കി എന്നവര്‍ ഉള്‍പ്പെടെ 11 രാജകുടുംബാംഗങ്ങള്‍, നാലുമന്ത്രിമാര്‍, മുന്‍മന്ത്രിമാര്‍ എന്നിവരെ അന്വേഷണങ്ങളുടെ ഭാഗമായി പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തു. കസ്‌റ്റഡിയില്‍ എടുത്തവരില്‍ ശതകോടീശ്വരനും പ്രമുഖ വ്യവസായിയുമായ അല്‍ വലീദ്‌ ബിന്‍ തലാലും ഉള്‍പ്പെടുമെന്നാണ്‌ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്‌. കിരീടാവകാശി മുഹമ്മദ്‌ ബില്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ അഴിമതിവിരുദ്ധ പരമാധികാരി സമിതി നിലവില്‍വന്നതിനു തൊട്ടുപിന്നാലെയാണ്‌ ഇത്രയും പേരെ കസ്റ്റഡിയില്‍ എടുത്തത്‌. ഇവരെ ചോദ്യംചെയ്‌തുവരുകയാണ്‌. ഹവാല ഇടപാടും തീവ്രവാദവും തടയാന്‍ കടുത്ത നിയമങ്ങളും പ്രാബല്യത്തില്‍വന്നു. ജിദ്ദയില്‍ 2009ല്‍ ഉണ്ടായ പ്രളയം, മെര്‍സ്‌ വൈറസ്‌ ബാധ എന്നിവയുമായി ബന്ധപ്പെട്ട അഴിമതികളാണ്‌ കൂട്ട കസ്റ്റഡിയില്‍ എടുക്കലിനു പിന്നിലെന്ന മട്ടിലാണ്‌ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ശനിയാഴ്‌ച രാത്രിയില്‍ കസ്‌റ്റഡിയില്‍ എടുത്ത ഇവരെ റിറ്റ്‌സ്‌ കാള്‍ട്ടന്‍ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന്‌ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌. ഹോട്ടലിലേക്ക്‌ മറ്റാര്‍ക്കും പ്രവേശിക്കുന്നതിന്‌ അനുമതിയില്ല. ഫോണ്‍ബന്ധവും വിച്ഛേദിച്ചു. അബ്ദുല്ല രാജാവിന്റെ മകന്‍ മിതെബ്‌ ബിന്‍ അബ്ദുല്ല രാജകുമാരനെ നാഷനല്‍ ഗാര്‍ഡ്‌ മന്ത്രിസ്ഥാനത്തുനിന്നു മാറ്റി. സാമ്പത്തിക ആസൂത്രണ മന്ത്രി ആദില്‍ ഫഖീഹിനും സ്ഥാനം നഷ്ടമായി. നാവികസേനാ മേധാവി അഡ്‌മിറല്‍ അബ്ദുല്ല അല്‍ സുല്‍ത്താനെയും പദവിയില്‍നിന്നു മാറ്റി.