Breaking News

Trending right now:
Description
 
Nov 05, 2017

നിറകണ്ണുകളോടെ സമന്ദറും എത്തി

image സിസ്‌റ്റര്‍ റാണി മരിയയെ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ ഘാതകന്‍ സമന്ദര്‍ സിങും എത്തി. താന്‍ കൊലപ്പെടുത്തിയ സിസ്റ്റര്‍ റാണിമരിയ കത്തോലിക്കാ സഭയിലെ വാഴ്‌ത്തപ്പെട്ട രക്തസാക്ഷിയായി ഉയര്‍ത്തപ്പെടുന്ന നിമിഷത്തില്‍ പരിസരംമറന്ന്‌ സമന്ദര്‍ കരഞ്ഞു. എനിക്കു തെറ്റുപറ്റി. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതായിരുന്നു. പക്ഷേ, ഇപ്പോള്‍ ദൈവം അതെല്ലാം നന്മയാക്കിമാറ്റി. ഏറെ സന്തോഷിക്കുന്നു സമന്ദര്‍ പറഞ്ഞു. സിസ്റ്റര്‍ റാണി മരിയയുടെ സഹോദരങ്ങളായ സ്‌റ്റീഫന്‍, ആനിപോള്‍, വര്‍ഗീസ്‌, സിസ്‌റ്റര്‍ സെല്‍മ, തെരേസ തോമസ്‌, ലൂസി പീറ്റര്‍ എന്നിവര്‍ക്കൊപ്പമിരുന്നാണ്‌ സമന്ദര്‍ ചടങ്ങ്‌ വീക്ഷിച്ചത്‌. ഘാതകനോട്‌ ക്ഷമിച്ച വട്ടാലില്‍ കുടുംബം അയാളെ സഹോദരനായി സ്വീകരിച്ചിരുന്നു. ഈ കുടുംബമാണ്‌ എന്നെ ഇന്നത്തെ ഞാന്‍ ആക്കിയതെന്നു സിസ്റ്റര്‍ സെല്‍മയേയും സഹോദരങ്ങളെയും ചൂണ്ടി സമന്ദര്‍ വ്യക്തമാക്കി. എനിക്കവരോട്‌ നന്ദിയുണ്ട്‌. എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത്‌ അവരാണ്‌. സമന്ദര്‍ പറഞ്ഞു. ചടങ്ങിനുശേഷം എല്ലാവരോടും നന്ദിപറഞ്ഞതാണ്‌ സമന്ദര്‍ ഉദയ്‌നഗറിലേക്ക്‌ തിരിച്ചത്‌.