Breaking News

Trending right now:
Description
 
Nov 05, 2017

കമല്‍ഹാസനെ വെടിവച്ചു കൊല്ലണമെന്ന്‌ ഹിന്ദു മഹാസഭ

image രാജ്യത്ത്‌ ഹൈന്ദവ തീവ്രവാദമുണ്ടെന്നു സൂചിപ്പിച്ച നടന്‍ കമല്‍ഹാസനെതിരെ ഹിന്ദുമഹാസഭ രംഗത്തെത്തി. കമല്‍ഹാസനെ വെടിവച്ചു കൊല്ലണമെന്നു ഹിന്ദു മഹാസഭയുടെ ദേശീയ വൈസ്‌ പ്രസിഡന്റ്‌ അശോക്‌ ശര്‍മ വ്യക്തമാക്കുകയും ചെയ്‌തു. ഹിന്ദുത്വത്തെ വിമര്‍ശിക്കുന്നവര്‍ക്കു ഈ പുണ്യഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ല. വിമര്‍ശനം നടത്തുന്നവരെ തൂക്കിലേറ്റുകയോ വെടിവച്ചു കൊല്ലുകയോ ആണ്‌ ചെയ്യേണ്ടത്‌. ഇങ്ങനെ ചെയ്‌താലേ ഇവര്‍ പാഠം പഠിക്കുകയുള്ളൂ. അശോക്‌ ശര്‍മ മീററ്റിലെ ഒരു പരിപാടിയിലാണ്‌ ഇക്കാര്യത്തെക്കുറിച്ച്‌ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്‌. നേരത്തെ ആനന്ദവികടന്‍ മാസികയിലെ പംക്തിയില്‍ ഹൈന്ദവ തീവ്രവാദത്തിനെതിരെ കമല്‍ഹാസന്‍ രംഗത്ത്‌ എത്തിയിരുന്നു. രാജ്യത്ത്‌ ഹൈന്ദവ തീവ്രവാദം ഇല്ലെന്നു പറയാന്‍കഴിയില്ല. ജാതിയുടെ പേരില്‍ യുവാക്കളില്‍ വിദ്വേഷം കുത്തിവയ്‌ക്കാനുള്ള ശ്രമങ്ങളാണ്‌ നടക്കുന്നത്‌. മുന്‍കാലങ്ങളില്‍ യുക്തികൊണ്ട്‌ മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന്‌ ആയുധങ്ങള്‍കൊണ്ടാണ്‌ പ്രതികരിക്കുന്നതെന്നു കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, കമല്‍ഹാസനെതിരെ ഹിന്ദുമഹാസഭ നേതാവ്‌ ഭീഷണിമുഴക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിഷേധവുമായി രംഗത്തെത്തി. മതനിരപേക്ഷതയ്‌ക്കെതിരായ വെല്ലുവിളിയാണ്‌ ഉണ്ടായിരിക്കുന്നതെന്നു മുഖ്യമന്ത്രി ഫേസ്‌ബുക്ക്‌ പോസ്‌റ്റില്‍ കുറിച്ചു. വധഭീഷണി മുഴക്കിയ വര്‍ഗീയ നേതാക്കളെ അറസ്‌റ്റു ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.