Breaking News

Trending right now:
Description
 
Nov 05, 2017

വലമുറുകി: മന്ത്രി തോമസ്‌ ചാണ്ടിക്കെതിരെ അന്വേഷണം

image മന്ത്രി തോമസ്‌ ചാണ്ടി നിലംനികത്തി റോഡ്‌ നിര്‍മിച്ചെന്ന പരാതിയില്‍ ത്വരിതാന്വേഷണത്തിന്‌ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടു. എംപിമാരുടെ ഫണ്ടുപയോഗിച്ച്‌ നിലംനികത്തി, തോമസ്‌ ചാണ്ടിയുടെ റിസോര്‍ട്ടിലേക്കു റോഡ്‌ നിര്‍മിച്ചതിലൂടെ സര്‍ക്കാരിനു 65 ലക്ഷം രൂപ നഷ്ടമുണ്ടായെന്ന പരാതിയിലാണ്‌ കോട്ടയം വിജിലന്‍സ്‌ പ്രത്യേക കോടതിയുടെ ഉത്തരവ്‌.പാടം നികത്തിയിട്ടില്ലെന്നും ബണ്ട്‌ ഉണ്ടായിരുന്ന സ്ഥലത്ത്‌ 10 കുടുംബങ്ങള്‍ക്കായാണ്‌ റോഡ്‌ നിര്‍മിച്ചതെന്നുമുള്ള സര്‍ക്കാര്‍ വാദങ്ങള്‍ കോടതി തള്ളി. ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ കോടതി വിജിലന്‍സിനോട്‌ നിര്‍ദേശിച്ചു. ജനതാദള്‍ (എസ്‌) ആലപ്പുഴ ജില്ലാ സെക്രട്ടറി സുഭാഷ്‌ എം.തീക്കാടനാണ്‌ പരാതിയുമായി വിജിലന്‍സ്‌ കോടതിയെ സമീപിച്ചത്‌. ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമയ്‌ക്കു സുഭാഷ്‌ നല്‍കിയ പരാതിയുടെ പകര്‍പ്പും കലക്ടറുടെ ഇടക്കാല റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മുമ്പ്‌ കേസ്‌ പരിഗണിച്ച കോടതി പത്തുദിവസത്തിനകം റിപ്പോര്‍ട്ട്‌ നല്‍കാന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയടക്കം നല്‍കിയ എട്ടു കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശത്തിനായി കൂടുതല്‍ സാവകാശം വേണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ താന്‍ ഉന്നയിച്ചത്‌ അമ്പലപ്പുഴ താലൂക്കിലെ കരിവേലില്‍ പാടശേഖരത്തില്‍ റോഡ്‌ നിര്‍മിച്ചതിനെ്‌കകുറിച്ചാണെന്നും ഇതു സംബന്ധിച്ച്‌ മറ്റു കോടതികളില്‍ പരാതിയില്ലെന്നും സുഭാഷ്‌ കോടതിയെ അറിയിച്ചു. വിജിലന്‍സ്‌ കോടതി അന്വേഷണത്തിന്‌ ഉത്തരവിട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായി.