Breaking News

Trending right now:
Description
 
Nov 04, 2017

സിസ്റ്റര്‍ റാണി മരിയ ഇന്ന്‌ വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്‌

image ഭാരതത്തിലെ ആദ്യത്തെ വനിതാ രക്തസാക്ഷിയാ സിസ്റ്റര്‍ റാണി മരിയ ഇന്ന്‌ വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തപ്പെടും. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സെന്റ്‌ പോള്‍സ്‌ ഹൈസ്‌കൂള്‍ മൈതാനത്ത്‌ പ്രത്യേകം തയാറാക്കിയ വേദിയില്‍ പത്തിനാണ്‌ വാഴ്‌ത്തപ്പെട്ട രക്തസാക്ഷിപദവി പ്രഖ്യാപനം. വത്തിക്കാനിലെ നാമകരണ നടപടിക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട്‌ കര്‍ദിനാള്‍ ഡോ.ആഞ്‌ജലോ അമാത്തോയുടെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയില്‍ ഗ്ലോറിയയ്‌ക്കുമുമ്പായാണ്‌ പ്രഖ്യാപന ശുശ്രൂഷ നടക്കുക. സിസ്റ്റര്‍ റാണിമരിയയെ വാഴത്തപ്പെട്ട രക്തസാക്ഷിയായി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ കല്‍പ്പന കര്‍ദിനാള്‍ ഡോ.ആഞ്‌ജലോ അമാത്തോ ലത്തീനിലും സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഇംഗ്ലീഷിലും വായിക്കും. മാര്‍പാപ്പയുടെ പ്രഖ്യാപനം റാഞ്ചി ആര്‍ച്ച്‌ ബിഷപ്‌ ഡോ.ടെസ്‌ഫോര്‍ ടോപ്പോ ഹിന്ദിയില്‍ പരിഭാഷപ്പെടുത്തും. തുടര്‍ന്നു വാഴ്‌ത്തപ്പെട്ട രക്തസാക്ഷിയുടെ ശില്‍പം, തിരുശേഷിപ്പ്‌, ഛായാചിത്രം എന്നിവയേന്തി അള്‍ത്താരയിലേക്ക്‌ പ്രദക്ഷിണം.

സിബിസിഐ പ്രസിഡന്റ്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാബാവ ഉള്‍പ്പെടെ രാജ്യത്തും പുറത്തുനിന്നുമായി അമ്പതോളം മെത്രാന്‍മാര്‍ ശുശ്രൂഷകളില്‍ പങ്കെടുക്കും. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ്‌ കോണ്‍ഗ്രിഗേഷന്‍ സന്യാസിസി സമൂഹാംഗമായ സിസ്‌റ്റര്‍ റാണിമരിയ മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഉദയനഗര്‍ കേന്ദ്രീകരിച്ചായിരുന്നു സേവനം ചെയ്‌തിരുന്നത്‌. 1995 ഫെബ്രുവരി 25നു ഇന്‍ഡോര്‍-ഉദനഗര്‍ റൂട്ടില്‍ ബസ്‌ യാത്രക്കിടെ വാടകക്കൊലയാളിയായ സമന്ദര്‍ സിങ്‌ സിസ്‌റ്റര്‍ റാണി മരിയയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 54 കുത്തുകളിലൊന്നു വാരിയല്ലിലൂടെ തുറച്ചുകയറി ഹൃദയംതകര്‍ത്തു. മൂന്നാംദിവസമാണ്‌ സമന്ദര്‍ സിങ്‌ പൊലീസിന്റെ പിടിയിലായത്‌. സിസ്റ്റര്‍ റാണി മരിയയുടെ സഹോദരി സിസ്‌റ്റര്‍ സെല്‍മി പോള്‍ ജയിലിലെത്തി സമന്ദര്‍സിങിനെ കണുകയും കൈയില്‍ രാഖി ചാര്‍ത്തുകയും ചെയ്‌തു. തുടര്‍ന്ന്‌ ജയിലില്‍വച്ച്‌ ഇയാള്‍ക്ക്‌ മാനസാന്തരമുണ്ടാവുകയും ചെയ്‌തു. ശിക്ഷകഴിഞ്ഞ്‌ പുറത്തിറങ്ങിയ സമന്ദര്‍സിങ്‌ പെരുമ്പാവൂര്‍ പുല്ലുവഴിയിലെ സിസ്റ്റര്‍ റാണിമരിയയുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ട്‌ മാപ്പപേക്ഷിച്ചു. ക്ഷമിക്കാന്‍ ആ മാതാപിതാക്കള്‍ തയാറാവുകയും ചെയ്‌തു.