Breaking News

Trending right now:
Description
 
Nov 01, 2017

മന്ത്രി തോമസ്‌ ചാണ്ടിയുടെ വെല്ലുവിളി: മാര്‍ത്താണ്ഡം കായല്‍ ഭൂമിയിലേക്ക്‌ ഇനിയും വഴിവെട്ടും

image കായല്‍ കൈയ്യേറ്റം സംബന്ധിച്ചു തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ചെറുവിരലനക്കാന്‍ ഒരു അന്വേഷണസംഘത്തിനും കഴിയില്ലെന്നും ഇക്കാര്യത്തില്‍ നിയമസഭയില്‍ നടത്തിയ വെല്ലുവിളി ആവര്‍ത്തിക്കുകയാണെന്നും മന്ത്രി തോമസ്‌ ചാണ്ടി. എല്‍ഡിഎഫ്‌ ജനജാഗ്രതായാത്രയുടെ കുട്ടനാട്ടിലെ സ്വീകരണവേദിയിലും പിന്നീട്‌ മാധ്യമങ്ങളോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാട്ടിലെ വേദിയില്‍ ജാഥാ ക്യാപ്‌റ്റന്‍ കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു കയ്യേറ്റം തെളിയിക്കാന്‍ മന്ത്രിയുടെ വെല്ലുവിളി. മാര്‍ത്താണ്ഡം കായലില്‍ ഇപ്പോള്‍ ചെയ്‌തതുപോലെ ബാക്കി 47 സ്ഥലങ്ങളിലേക്കും വഴി നിര്‍മിക്കുകതന്നെ ചെയ്യും. ഒരു സെന്റ്‌ ഭൂമിയെങ്കിലും കൈയേറിയെന്നു തെളിയിച്ചാല്‍ എംഎല്‍എ പദവി രാജിവയ്‌ക്കുമെന്നു നിയമസഭയില്‍ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ മുഖത്തുനോക്കി വെല്ലുവിളിച്ചതാണ്‌. ചെന്നിത്തല വെല്ലുവിളി ഏറ്റെടുത്തിട്ടില്ല. കാര്യങ്ങള്‍ അറിയാത്ത ചിലര്‍ക്കുകൂടി മനസിലാകാനാണ്‌ പറയുന്നത്‌. വേമ്പനാട്ടുകായലും പന്നമടക്കായലും തോമസ്‌ ചാണ്ടി ചേന്നങ്കരിയില്‍ കൊണ്ടു വച്ചിട്ടുണ്ടോയെന്ന്‌ ചിലര്‍ അന്വേഷിച്ചു നടക്കുകയാണ്‌. പാലക്കാട്ടുകാരനായ എംഎല്‍എക്കൊച്ചന്‍ അന്ധന്‍ ആനയെ കണ്ടതുപോലയാണ്‌ മാര്‍ത്താണ്ഡം കായലിനെപ്പറ്റി അടിയന്തര പ്രമേയം അവതരിപ്പിച്ചത്‌. മാര്‍ത്താണ്ഡം കായല്‍ കൃഷിക്കാര്‍ക്കു പതിച്ചുകൊടുത്തതാണെന്നു അറിയില്ലായിരിക്കും. മിടുക്കരായ ഏഴെട്ടു എംഎല്‍എമാരുമായി വരൂ, ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍ തുടങ്ങിയവര്‍ ആരുവേണമെങ്കിലും കയ്യേറ്റഭൂമി കാണിച്ചുതരട്ടെ... തോമസ്‌ ചാണ്ടി വെല്ലുവിളിച്ചു. മൂന്നരവര്‍ഷം കഴിഞ്ഞുള്ള തിരഞ്ഞെടുപ്പു മുന്നില്‍കണ്ടുകൊണ്ടാണ്‌ ചെന്നിത്തലയുടെ പടയൊരുക്കമെന്നു തോമസ്‌ ചാണ്ടി പരിഹസിച്ചു. 15 വര്‍ഷത്തേക്കു പിണറായി വിജയനെ മുഖ്യമന്ത്രി കസേരയില്‍നിന്നു ഇറക്കിവിടാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.