Breaking News

Trending right now:
Description
 
Oct 31, 2017

പ്രവാസികള്‍ അധികമായി ആത്മീയമായ അന്വേഷണ ത്വരയുള്ളവര്‍: റവ.ഡോ. ഫിലിപ്പോസ് മാര്‍ സ്‌റ്റെഫാനോസ്

ജിന്‍സ്‌മോന്‍ പി.സക്കറിയ
image അമേരിക്കയിലെ പുതിയ നിയോഗത്തെ എങ്ങനെ വിലയിരുത്തുന്നു...?

അമേരിക്ക ഏറ്റവും വികസിത രാജ്യമാണ്. അവിടെ കുടിയേറി പാര്‍ത്തിരിക്കുന്ന നമ്മുടെ മലങ്കര മക്കളെയും അവരുടെ ആത്മീയഅജപാലക കാര്യങ്ങള്‍ പ്രത്യേകമായിട്ടും ശ്രദ്ധിക്കുക എന്ന ദൗത്യമാണ് എന്നില്‍ നിക്ഷിപ്തമായിരിക്കുന്നത്. അത് ദൈവനിയോഗമായി സ്വീകരിക്കുന്നു. അതിന് എന്നെ പൂര്‍ണമായും സമര്‍പ്പിക്കുന്നു.
ഞാന്‍ ഇന്ത്യയില്‍ പഠിച്ചവനാണ്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഏഴുവര്‍ഷമായി കര്‍ഷകരുടെയും സാധാരണക്കാരുടെയും ഇടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവരുടെ ഇടയില്‍ ജീവിക്കുന്നു, അവരുടെ ഇടയില്‍നിന്നും സോഫിസ്റ്റിക്കേറ്റഡായ ഒരു സമൂഹത്തിലേക്ക് വരുമ്പോള്‍ അതിന്റെ വെല്ലുവിളികള്‍ വളരെ വലുതാണെന്ന് എനിക്ക് ബോധ്യമുണ്ട്. ആ വെല്ലുവിളികള്‍ എന്താണെന്ന് തിരിച്ചറിയുകയും അതിനോട് ആരോഗ്യകരമായ രീതിയില്‍ പ്രതികരിക്കാനും പ്രതിപ്രവര്‍ത്തിക്കാനുമുള്ള ആഗ്രഹം എന്നില്‍ എപ്പോഴുമുണ്ട്.

പുതിയ നിയോഗം ഏറ്റെടുക്കുമ്പോഴുള്ള പ്രതീക്ഷകള്‍...?

ദൈവം വെളിപ്പെടുത്തി തരുന്ന ദൗത്യങ്ങള്‍, അതിന്റെ വിശ്വസ്തതയിലും പൂര്‍ണതയിലും സമഗ്രതയിലും നിര്‍വഹിക്കുക എന്ന വിശാലമായ ആഗ്രഹവും പ്രതീക്ഷയുമാണുള്ളത്. അമേരിക്കയിലെ സാഹചര്യങ്ങള്‍ കൃത്യമായി അറിയാത്തതുകൊണ്ട് കാര്യങ്ങള്‍ കൃത്യമായി പഠിച്ചശേഷം വളരെ വിശാലമായ ആലോചനകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ശേഷമായി കാര്യപരിപാടികളും കര്‍മപരിപാടികളും ഒക്കെ വിഭാവനം ചെയ്യണം, ആവിഷ്‌കരിക്കണം. ഇതൊക്കെയാണ് മനസിലുള്ള ആഗ്രഹങ്ങള്‍.

പ്രവാസികള്‍ക്കിടയില്‍, പ്രത്യേകിച്ചും നോര്‍ത്ത് അമേരിക്കയില്‍ വിശ്വാസികളുടെ വളര്‍ച്ചയെ എങ്ങനെ വിലയിരുത്തുന്നു...?

അമേരിക്കന്‍ സഭയെ കുറിച്ച് ആഴത്തിലുള്ള ഒരു അറിവ് എനിക്കില്ല. അമേരിക്കയില്‍ രണ്ടുവര്‍ഷം മുമ്പ് ഒരു കണ്‍വന്‍ഷനില്‍ പ്രസംഗിക്കാന്‍ പോയ ഓര്‍മ മാത്രമേ ഉള്ളൂ. കഷ്ടിച്ച് ഒരാഴ്ച മാത്രമേ അവിടെ താമസിച്ചിട്ടുള്ളൂ. വസ്തുനിഷ്ഠമായ ഒരു അറിവ് അമേരിക്കന്‍ സാഹചര്യത്തെ കുറിച്ചില്ല. എങ്കിലും കണ്ടറിഞ്ഞതും കേട്ടതുമായ അറിവില്‍നിന്നും അമേരിക്കന്‍ സഭയെ പറ്റി വളരെ അഭിമാനവും ആദരവുമാണ് എനിക്കുള്ളത്. അവിടുത്തെ മുതിര്‍ന്ന തലമുറ കുടുംബത്തിനുവേണ്ടി ചെയ്ത വലിയ ത്യാഗങ്ങള്‍ ഉജ്ജ്വലങ്ങളാണ്. നാട്ടിലുള്ള മാതാപിതാക്കളെ സംരക്ഷിക്കുക, അവിടെ ജനിച്ച കുഞ്ഞുങ്ങളെ വളര്‍ത്തുക...ദൈവവിശ്വാസവും കഠിനാധ്വാനവും ഒരുപോലെ സമന്വയിപ്പിച്ചുകൊണ്ട് ജീവിച്ച ഒരു തലമുറയാണ് അവിടെയുള്ളത്. അവരോട് നമുക്കേറെ ബഹുമാനവും ആദരവുമാണ് ഉള്ളത്. അവിടുത്തെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുക, നാട്ടിലെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുക, കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുക, സഭയെ കെട്ടിപ്പടുക്കുക....എന്നിങ്ങനെ വലിയൊരു ഉത്തരവാദിത്വമാണ് അവര്‍ ഏറ്റെടുത്തത്. പലപ്പോഴും നാട്ടിലെ പള്ളികള്‍ക്കാവശ്യമായ വിഭവങ്ങള്‍ സമാഹരിക്കപ്പെടുന്നത് അവിടെനിന്നാണ്. അതിലും ആത്മാര്‍ഥമായി സഹകരിച്ച തലമുറയാണ്. ആ തലമുറയോട് വലിയ കടപ്പാടുണ്ട്. മറ്റൊരു വലിയ കാര്യമായി ഞാന്‍ കണ്ടത്, ആ തലമുറ തങ്ങളുടെ കുഞ്ഞുങ്ങളെ നല്ലരീതിയില്‍ വളര്‍ത്തിയിട്ടുണ്ട് എന്നതാണ്. സാധാരണ അമേരിക്കന്‍ പശ്ചാത്തലത്തിലുള്ള പുതിയ തലമുറയിലെ ആളുകള്‍ സഭയില്‍നിന്നും കുടുംബത്തില്‍നിന്നും അകന്നുപോകുന്നു എന്നൊരു പറച്ചിലുണ്ട്. എന്നാല്‍ ഞാന്‍ കണ്ടതും അറിഞ്ഞതുമായ സുറിയാനി നാട്ടുകുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ കുടുംബ ബന്ധങ്ങള്‍ ഇന്നും താലോലിക്കുന്നവരും പരിപോഷിപ്പിക്കുന്നവരുമാണ്. മാതാപിതാക്കളോടുള്ള സ്‌നേഹം, കടപ്പാട്, പരസ്പരമുള്ള ബന്ധം, കുടുംബമൂല്യങ്ങള്‍ ഇവയൊക്കെ പരിപോഷിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. അതുകൊണ്ട് ഇക്കാര്യങ്ങളില്‍ പുതിയ തലമുറയ്ക്കു കിട്ടിയിരിക്കുന്ന, അടിസ്ഥാനപരമായിരിക്കുന്ന അവരുടെ ഓറിയന്റേഷന്‍സ് ഉപയോഗിച്ചുകൊണ്ടുതന്നെ അതില്‍ പടുത്തുയര്‍ത്താനും പരിപോഷിപ്പിക്കുന്നതുമായ പ്രവര്‍ത്തനമാണ് എന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതെന്ന് ഞാന്‍ കരുതുന്നു.

നാളിതുവരെയുള്ള ഇടയശുശ്രൂഷകളിലെ അനുഭവം പുതിയ ദൗത്യത്തിന് എങ്ങനെ മുതല്‍ക്കൂട്ടാകും...?

ദൈവകൃപയാല്‍ വളരെ വ്യത്യസ്തമായ ഇടയശുശ്രൂഷയാണ് ഞാന്‍ നിര്‍വഹിച്ചിരിക്കുന്നത്. വൈദികനായ ശേഷം എന്റെ ആദ്യത്തെ അഞ്ചുവര്‍ഷങ്ങള്‍ ഇടുക്കി ജില്ലയിലാണ് ഞാന്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. വണ്ടന്‍മേട്, കട്ടപ്പന, ചെറ്റുകുഴി, കഞ്ഞിക്കുഴി, മുളകരമേട് തുടങ്ങിയ മേഖലകളില്‍ തികച്ചും കര്‍ഷകരായ കുടിയേറ്റക്കാരായ, സാധാരണക്കാരായ ആളുകളുടെ ജീവിതസാഹചര്യങ്ങള്‍ നേരിട്ടുകാണാനും അതിനോടു താതാത്മ്യപ്പെട്ട് ജീവിക്കാനും ആ തലങ്ങളില്‍ എന്റെ ശുശ്രൂഷ നിര്‍വഹിക്കാനും ഇടയായിട്ടുണ്ട്. അത് പൗരോഹിത്യ ജീവിതത്തിന്റെയും ദൈവാലയ ശുശ്രൂഷയുടെയും അടിസ്ഥാന പാഠങ്ങള്‍ എന്നെ പഠിപ്പിച്ച സര്‍വകലാശാല തന്നെയായിരുന്നു. പിന്നീടാണെങ്കിലും ഞാന്‍ സെമിനാരി കാലഘട്ടത്തില്‍ പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും ഒക്കെ ഈ സാധാരണക്കാരുടെ മനുഷ്യജീവിതത്തിന്റെ പ്രതലത്തില്‍നിന്നു കൊണ്ടാണ് എന്റെ ചിന്തയുടെ റിഫ്‌ളക്ഷന്‍സ്, അതിന്റെ വിചിന്തനങ്ങള്‍, അപഗ്രഥനങ്ങള്‍, ആപ്ലിക്കേഷന്‍സ് എല്ലാം നടത്തിയിട്ടുള്ളത്. അതെല്ലാം എനിക്ക് വലിയ ഒരു പാഠമായിരുന്നു.
അതിനുശേഷം ഞാന്‍ റോമിലെ പഠനത്തിനു പോയി. അഞ്ചുവര്‍ഷം യൂറോപ്യന്‍ കള്‍ച്ചര്‍ കുറച്ചുകൂടി ബൗദ്ധികമായ രീതിയില്‍ അടുത്തറിഞ്ഞു. അവധിക്കാലങ്ങളില്‍ ഇറ്റലിയിലെയും ജര്‍മനിയിലെയും സ്വിറ്റ്‌സര്‍ലന്റിലെയും പള്ളികളില്‍ ജോലിചെയ്തിട്ടുണ്ട്. അതുകൊണ്ട് വിദേശ സഭയുടെയും അവിടുത്തെ കുടുംബങ്ങളുടെയും സംസ്‌കാരത്തിന്റെ പ്രത്യേകതകള്‍ മനസിലാക്കാന്‍ സാധിച്ചു. പൗരസ്ത്യ സംസ്‌കാരവും പാശ്ചാത്യ സംസ്‌കാരവും തമ്മില്‍ താരതമ്യപ്പെടുത്താനും രണ്ടിന്റെയും മൂല്യങ്ങള്‍ മനസിലാക്കാനും, അതേസമയം ന്യൂനതകള്‍ മനസിലാക്കാനുമായിട്ടുള്ള വലിയൊരു തുറവി ആ കാലഘട്ടത്തിലുണ്ടായിട്ടുണ്ട്.
യുവജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനായിരുന്നു പിന്നീടുള്ള നിയോഗം. രൂപതയിലെ യുവജന പ്രസ്ഥാനത്തിന്റെ ഡയറക്ടറായിട്ടും മൈനര്‍ സെമിനാരിയിലെ വൈദിക പരിശീലനത്തിനായിട്ടും ഇടവകയിലെ പരിശീലനത്തിനും ഒക്കെയാണ് നിയോഗിക്കപ്പെട്ടത്. യുവനജങ്ങളുടെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്, അവരുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും എന്തെല്ലാമാണ് എന്നത് 90കളുടെ ആരംഭത്തില്‍ മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ആ അനുഭവത്തില്‍നിന്നും വീണ്ടും ഒരു വ്യത്യസ്തമായ അനുഭവത്തിലേക്കാണ് ദൈവം എന്നെ വിളിച്ചത്. ന്യൂഡല്‍ഹിയില്‍ ഏതാണ്ട് അഞ്ചുവര്‍ഷക്കാലം പ്രവര്‍ത്തിക്കാന്‍ ഇടയാക്കി. അവിടുത്തെ എന്റെ വാസം തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. ജീവിതചരിത്രത്തിലെ മറ്റൊരു അധ്യായമായിട്ട് അതിനെ വ്യാഖ്യാനിക്കാന്‍ സാധിക്കും. അവിടെയും ഇതുപോലെ പ്രവാസികളായ ആളുകളെ സംഘടിപ്പിക്കുക, അവരുടെ ആധ്യാത്മിക കാര്യങ്ങള്‍ അന്വേഷിക്കുക, അവരെ അനുഗമിക്കുക, ജോലിയില്ലാത്തവര്‍ക്ക് ജോലിയും വീടില്ലാത്തവര്‍ക്ക് വീടും കണ്ടെത്തികൊടുക്കുക, ഒറ്റയ്ക്കു കഴിയുന്ന ചെറുപ്പക്കാരെ ഒരുമിച്ചുകൂട്ടി അവരെ പ്രമോട്ടുചെയ്യുക, അവിടുത്തെ മലങ്കര സഭയുടെ കെട്ടുപണികളില്‍ പുതിയ മെഷീനുകള്‍, മാസ് സെന്റേഴ്‌സ് എന്നിവ സംഘടിപ്പിക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ നിര്‍വഹിക്കാനായി. ഡല്‍ഹി, യുപി, ഹരിയാന, ഫരീദാബാദ്, നോയ്ഡ, ഗാസിയാബാദ് തുടങ്ങിയ ഡല്‍ഹിയിലെ പ്രാന്തപ്രദേശളങ്ങളിലെല്ലാം ജോലിചെയ്യാന്‍ സാധിച്ചു. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി, പ്രത്യേകിച്ചും ദളിതിനുവേണ്ടിയുള്ള സിബിസിഐയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. പൊതുപ്രവര്‍ത്തനങ്ങളില്‍ അനേകം വിശിഷ്ട വ്യക്തികളുമായും രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക നേതാക്കളുമായും പരിചയപ്പെടാനും ബന്ധപ്പെടാനും ഡല്‍ഹിയിലെ ആ കോസ്‌മൊപൊളിറ്റന്‍ സാഹചര്യം സഹായിച്ചിട്ടുണ്ട്.
ശേഷം അഡ്മിനിസ്‌ട്രേറ്റീവ് മേഖലയില്‍, പുഷ്പഗിരി സ്ഥാപനങ്ങളുടെ ചുമതലക്കാരനായിട്ടാണ് നിയമനം കിട്ടിയത്. പുഷ്പഗിരിയിലെ ജീവിതം എന്നുപറയുന്നത് മറ്റൊരു സര്‍വകലാശാലയായിരുന്നു. ഭൂമിയിലെ സര്‍വ വിഷയങ്ങളെ പറ്റിയും അറിഞ്ഞിരിക്കേണ്ട സാഹചര്യങ്ങള്‍, സാങ്കേതിക കാര്യങ്ങള്‍, സര്‍ക്കാര്‍ നിയമങ്ങള്‍, ലേബര്‍ നിയമങ്ങള്‍, മെഡിക്കല്‍ നിയമങ്ങള്‍, മെഡിക്കല്‍ എത്തിക്‌സ്, പബ്ലിക് റിലേഷന്‍ഷിപ്പ്, അഡ്മിനിസ്‌ട്രേഷന് ആവശ്യമായിരിക്കുന്ന സമഗ്രമായ കാര്യങ്ങളെ പറ്റിയും ഒരു പ്രായോഗിക പരിശീലന കേന്ദ്രമായിരുന്നു പുഷ്പഗിരി സിഇഒ ആയി അഞ്ചുവര്‍ഷം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ സാഹചര്യം. അവിടെ തൊഴിലാളി യൂണിയനുകള്‍ കൈകാര്യം ചെയ്യണം. ഡോക്ടേഴ്‌സിനോട് അവരുടേതായ രീതിയില്‍ ഇടപെടണം. ഏറ്റവും കൂടുതല്‍ പഠിച്ചത് അവിടുത്തെ സ്വീപ്പേഴ്‌സില്‍നിന്നാണ്. ഞാന്‍ ആഴ്ചയില്‍ ഒരിക്കല്‍ അവരുടെ യോഗം വിളിച്ചുകൂട്ടും. അവരാണ് ആശുപത്രിയെ കുറിച്ച് ഏറ്റവും നല്ല ഫീഡ്ബാക്ക് നല്കുന്നത്. എന്താണ് നമ്മുടെ ആശുപത്രി, എന്താണ് ആശുപത്രിയുടെ നന്മ, എന്താണ് കുറവ്, എവിടെയാണ് നമ്മള്‍ പരിഹരിക്കേണ്ടത് എന്നിങ്ങനെ എന്‍ജിനീയേഴ്‌സ് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുന്ന കാര്യങ്ങള്‍ സ്വീപ്പേഴ്‌സ് നമുക്കു പറഞ്ഞുതരും. അക്കാദമികമായ വൈജ്ഞാനികതയും മെഡിക്കല്‍ സാങ്കേതികത്വത്തിന്റെ എല്ലാ മാനങ്ങളും പ്രായോഗികതയുമെല്ലാം സമന്വയിപ്പിക്കാനായി അവിടെ സാധിച്ചിട്ടുണ്ട്. ഒപ്പം, എല്ലാത്തിനും ഉപരിയായി ആശുപത്രിയിലെ ആധ്യാത്മികത വലിയൊരു ഘടകമായിരുന്നു. എല്ലാദിവസവും രോഗികള്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാന ചൊല്ലുക, അവര്‍ക്കുവേണ്ടി മുറികളില്‍ കുര്‍ബാന കൊണ്ടുകൊടുക്കുക...എല്ലാം വലിയൊരു അനുഭവമായിരുന്നു. വലിയ ശക്തന്‍മാര്‍, ബുദ്ധിമാന്‍മാര്‍, വലിയ കുടുംബത്തില്‍പെട്ടവര്‍, സമ്പന്നന്മാര്‍ ഒക്കെ രോഗാവസ്ഥയില്‍ നിസഹായരായി വിറങ്ങലിച്ചുനില്ക്കുന്ന അനുഭവങ്ങള്‍ നേരില്‍കാണുമ്പോള്‍ ഇത്രയൊക്കെ ഉള്ളൂവല്ലോ മനുഷ്യന്‍ കെട്ടിപ്പടുക്കുന്ന അവന്റെ സ്വപ്‌നങ്ങള്‍ എന്നു തിരിച്ചറിയാന്‍ സാധിക്കും. ഗര്‍ഭധാരണം മുതല്‍ മരണംവരെയും, മരണത്തിനപ്പുറമുള്ള എല്ലാ യാഥാര്‍ഥ്യങ്ങളെയും കാണാനും തിരിച്ചറിയാനും അതിനെ വിലയിരുത്താനും അതിന്റെ മൂല്യങ്ങളും അര്‍ത്ഥവും അര്‍ത്ഥശൂന്യതയുമൊക്കെ തിരിച്ചറിയാനുമുള്ള വലിയൊരു പാഠശാലയായിരുന്നു പുഷ്പഗിരിയിലെ ആ കാലഘട്ടം. ഗര്‍ഭപാത്രം മുതല്‍ ശവക്കല്ലറ  വരെയുള്ള ജീവിതയാത്രയുടെ സമസ്ത മേഖലകളെയും പറ്റിയുള്ള ഒരു ദര്‍ശനം ലഭിക്കുവാന്‍ ആ കാലഘട്ടം സഹായിച്ചിട്ടുണ്ട്.
ആ കാലഘട്ടത്തില്‍നിന്നാണ് വൈദിക പരിശീലനത്തിനുവേണ്ടി സെമിനാരിയുടെ റെക്ടറായും പ്രിന്‍സിപ്പലുമായി ചുമതലപ്പെടുത്തുന്നത്. ഗ്രാമീണ ഇടവകകളില്‍ കണ്ട, അനുഭവിച്ച കാര്യങ്ങള്‍ പിന്നീട് സര്‍വകലാശാലയില്‍ ഡോക്ടറേറ്റ് ചെയ്ത പഠനകാലഘട്ടത്തിലെ അനുഭവങ്ങള്‍, വിദേശ രാജ്യങ്ങളില്‍ കണ്ട അനുഭവങ്ങള്‍, അതിനുശേഷം മെഡിക്കല്‍ മേഖലയിലും ആതുര ശുശ്രൂഷ, ആതുര വിദ്യാഭ്യാസ മേഖലയിലുമുള്ള അനുഭവങ്ങളുമൊക്കെ സമഗ്രതയില്‍ വൈദിക വിദ്യാര്‍ഥികളെ പരിശീലിപ്പിക്കാനും നേതൃത്വം നല്കാനും ദൈവം ഇടയാക്കിയതും വലിയ തുറവിയായിരുന്നു. കേരളത്തില്‍നിന്നും വിവിധ സംസ്ഥാനങ്ങളില്‍നിന്നുമുള്ള വൈദിക വിദ്യാര്‍ഥികളെ ഒരു കുടുംബമായി കൂട്ടായ്മയില്‍ യോജിപ്പിക്കുക അവര്‍ക്ക് എപ്പോഴും നോബിള്‍ മോട്ടിവേഷന്‍സ് കൊടുത്തുകൊണ്ടിരിക്കുക, അവരുടെ സ്വഭാവ രൂപീകരണം നടത്തുക, അവരുടെ ഇന്‍ബില്‍റ്റ് ആയ ടാലന്റുകളും സ്‌കില്‍സും വര്‍ദ്ധിപ്പിക്കുക, അവരുടെ ഹ്യൂമന്‍ ക്വാളിറ്റീസും അക്കാദമിക് ക്വാളിറ്റീസും വികസിപ്പിക്കുക, അതിന് ഫാക്കല്‍റ്റീസിനെയും റിസോഴ്‌സ് പേഴ്‌സണുകളെയും കണ്ടെത്തുക, സെമിനാരി പരിശീലനത്തിന്റെ അക്കാദമികവും അജപാലനപരവും പ്രാക്ടിക്കലും ആയിരിക്കുന്ന കാര്യങ്ങള്‍ക്ക് ഒരു മാസ്റ്റര്‍ ഡിസൈന്‍ നല്കുക, അത് മോണിറ്റര്‍ ചെയ്ത് നടപ്പാക്കുക...എല്ലാം നല്ല അനുഭവങ്ങളായിരുന്നു.
തിരുവല്ലയിലെ അന്നത്തെ ബിഷപ്പ് ആയിരുന്ന തിമോഥിയൂസ് പിതാവ് റിട്ടയര്‍ ചെയ്തപ്പോള്‍, മൂന്നുവര്‍ഷത്തിനുശേഷം 2003ല്‍ കൗണ്‍സില്‍ എന്നെ രൂപതയിലെ അഡ്മിനിസ്‌ട്രേറ്ററായി തെരഞ്ഞെടുത്തു. മെത്രാന്‍ അല്ലാതെ, മെത്രാന്റെ സ്ഥാനമില്ലാതെ ഒരു വൈദികനായിട്ട് തന്നെ രൂപതയുടെ ഭരണ കാര്യങ്ങള്‍ ഏറ്റെടുക്കുകയാണ് ഉണ്ടായത്. അതിനുശേഷം അഭിവന്ദ്യ ക്ലീമ്മിസ് തിരുമേനി അമേരിക്കയില്‍നിന്നും തിരുവല്ലയിലെ മെത്രാനായിട്ട് വന്നു. ഞാന്‍ അദ്ദേഹത്തിന്റെ വികാരി ജനറാള്‍ ആയി സേവനം ചെയ്തു. അതും ഒരു നല്ല അനുഭവമായിരുന്നു. വൈദികരെ എല്ലാം കൂടുതല്‍ മനസിലാക്കാനും അവരുടെയും ഇടവകയുടെയും ആഗ്രഹങ്ങളും ആവശ്യങ്ങളും ഇടവകയിലെ സാധാരണക്കാരായ ജനങ്ങളുടെ ആവശ്യങ്ങളും അത് അജപാലനപരമായ കാര്യങ്ങളോ, നൈയാമികമായ കാര്യങ്ങളോ ഏതുമാകട്ടെ, അവയിലെല്ലാം നാം എപ്പോഴും ശ്രദ്ധയും കരുതലുമുള്ളവര്‍ ആയിരിക്കണമെന്നുള്ള ഒരു പാഠം പഠിക്കാനായി സാധിച്ചു. സെമിനാരിയില്‍ തിയോളജി ഫാക്കല്‍റ്റിയുടെ ഡീന്‍ ആയി തിരുവനന്തപുരത്താണ് പിന്നീട് നിയമിക്കപ്പെട്ടത്. അഡ്മിനിസ്‌ട്രേഷനില്‍നിന്നും കൂടുതല്‍ പഠിപ്പിക്കുക, പഠിപ്പിക്കാനായിട്ടുള്ള കാര്യങ്ങള്‍ ക്രമീകരിക്കുക എന്ന തലത്തിലേക്കുവന്നു. അതും ഒരു വേറിട്ട അനുഭവമായിരുന്നു. ഏതൊക്കെയാണ് ദൈവശാസ്ത്ര മേഖലയില്‍ ഗവേഷണ തലങ്ങളിലേക്കും സാധാരണ തലങ്ങളിലേക്കും കൊണ്ടുപോകേണ്ടത്, ഏതെല്ലാം ദൈവശാസ്ത്ര വിഷയങ്ങള്‍ക്കാണ് മുന്‍ഗണന നല്‌കേണ്ടത്, ഏതെല്ലാം പ്രായോഗിക ശാസ്ത്രങ്ങളാണ് വൈദിക പരിശീലത്തില്‍ ഉള്‍ച്ചേള്‍ക്കേണ്ടത് എന്നീ കാര്യങ്ങളെ പറ്റിയുള്ള വലിയൊരു ബോധ്യം നല്കിയ കാലഘട്ടം.
അങ്ങനെ ശുശ്രുഷ നടത്തികൊണ്ടിരിക്കുമ്പോഴാണ് 2010ല്‍ എന്നെ സഹായമെത്രാനായി നിയമിക്കുന്നത്. സഹായമെത്രാനായിട്ടും ഒരു ആര്‍ച്ച് ബിഷപ്പിനു കീഴില്‍ ഏഴുവര്‍ഷക്കാലം ഒരു പ്രദേശത്തിന്റെ ചുമതലയോടുകൂടി പ്രവര്‍ത്തിക്കാന്‍ സാധിച്ചതും അനുഭവങ്ങള്‍ ആര്‍ജിക്കാനായതും ചാരിതാര്‍ഥ്യമുള്ള കാര്യങ്ങളാണ്. ആ അനുഭവങ്ങളുടെ തുടര്‍ച്ചയായാണ് ഇനിയുള്ള തുടര്‍ ശുശ്രൂഷ.

പ്രവാസികള്‍ നേരിടുന്ന ആത്മീയ വെല്ലുവിളികള്‍ എന്തൊക്കെയാണ്...?

നാട്ടിലുള്ളവരേക്കാള്‍ അധികമായി ആത്മീയമായ അന്വേഷണ ത്വരയുള്ളവര്‍ പ്രവാസികളാണ് എന്നാണ് എന്റെ നിരീക്ഷണം. പ്രവാസികളെപ്പോഴും ഒരു പ്രവാസ അനുഭവ സാഹചര്യത്തില്‍നിന്നുള്ളവരാണ്. അവിടെ ഒരു സുരക്ഷിതത്വത്തിന്റെ കുറവുണ്ട്. അവിടെ നാട്ടിലെ പോലെയുള്ള ബന്ധങ്ങളില്‍, കൂട്ടായ സാഹചര്യങ്ങളില്‍ എല്ലാം കുറവുണ്ട്. മറ്റാരിലും അധികമായി ആശ്രയിക്കാന്‍ ദൈവമാണുള്ളതെന്ന വലിയൊരു തിരിച്ചറിവ് മഹാഭൂരിപക്ഷവും പ്രവാസികള്‍ക്കിടയിലാണ്. ആ തിരിച്ചറിവില്‍ അവര്‍ ജീവിക്കും. ഒരുപക്ഷേ നാട്ടിലെ പോലെ ഭക്താനുഷ്ഠാനങ്ങള്‍ നടത്താന്‍ അവര്‍ക്ക് സാധിച്ചെന്നു വരില്ല.