Breaking News

Trending right now:
Description
 
Oct 27, 2017

വിദേശികള്‍ക്കെതിരെ ആക്രമണം: മന്ത്രി സുഷമ ഇടപെട്ടു

image ആഗ്രയിലെ ഫത്തേപ്പൂര്‍ സിക്രിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നുള്ള ക്വെന്റിന്‍ ജെറമി ക്ലാര്‍ക്ക്‌ (24), കൂട്ടുകാരി മാരിഡ്രോസ്‌ (24) എന്നിവര്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്‌ യുപി സര്‍ക്കാരിനോട്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു. ഇരുവരും ചികിത്സയില്‍ കഴിയുന്ന ഡല്‍ഹി അപ്പോളാ ആശുപത്രിയിലും മന്ത്രിയെത്തി സന്ദര്‍ശിച്ചു. വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ മന്ത്രി നിര്‍ദേശം നല്‍കി. സെപ്‌റ്റംബര്‍ 30ന്‌ ഇന്ത്യയിലെത്തിയ ക്വെന്റിന്‍ ജെറമി ക്ലാര്‍ക്കും കൂട്ടുകാരി മാരിഡ്രോസും താജ്‌മഹല്‍ സന്ദര്‍ശിച്ചശേഷം കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ ഫത്തേപ്പൂര്‍ സിക്രിയില്‍ എത്തിയത്‌. റയില്‍വേ സ്റ്റേഷനു സമീപം നില്‍ക്കുകയായിരുന്ന ഇരുവരെയും അഞ്ചുയുവാക്കള്‍ ശല്യപ്പെടുത്തി. ഒപ്പംനിന്നു സെല്‍ഫിയെടുക്കാന്‍ മാരിഡ്രോസിനോട്‌ ആവശ്യപ്പെട്ട സംഘം പിന്നീട്‌ ഇവരെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും പിന്തുടര്‍ന്ന്‌ സംഘം ആക്രമിക്കുകയായിരുന്നു. ക്ലാര്‍ക്കിന്റെ തലയോട്ടിക്കു പൊട്ടലുണ്ട്‌. തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വടികൊണ്ടുള്ള അടിയേറ്റ്‌ കേള്‍വിശക്തിക്കും തകരാര്‍ സംഭവിച്ചു. ഇടതുകൈ ഒടിഞ്ഞ്‌ മാരിഡ്രോസിനെ ഇന്നലെ ആശുപത്രിയില്‍നിന്നു ഡിസ്‌ചാര്‍ജ്‌ ചെയ്‌തു. ആക്രമണവുമായി ബന്ധപ്പെട്ട്‌ അഞ്ചുപേരെ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തു.