Breaking News

Trending right now:
Description
 
Oct 27, 2017

സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

image മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള (75) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്‌ച രാവിലെ 7.40നായിരുന്നു മരണം. മരണസമയത്ത്‌ മക്കളും കോഴിക്കോട്ടെ സുഹൃത്തുക്കളുമുണ്ടായിരുന്നു. അസുഖങ്ങള്‍ മൂലം രണ്ടുവര്‍ഷമായി പൊതുവേദിയില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. മലയാള സാഹിത്യത്തില്‍ ബഷീറിനുശേഷമുള്ള റിയലിസ്റ്റിക്‌ എഴുത്തുകാരനെന്നാണ്‌ പുനത്തില്‍ കുഞ്ഞബ്ദുള്ള അറിയപ്പെട്ടിരുന്നത്‌. ലളിതമായ ഭാഷ, ജീവിതനിരീക്ഷണം, ഫലിതം, കഥാഖ്യാനത്തിലെ സവിശേഷത എന്നിവ അദ്ദേഹത്തിന്റെ എഴുത്തിലെ പ്രത്യേകതകളാണ്‌. 1980-ല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്‌മാരകശിലകള്‍ എന്ന നോവലിന്‌ കേന്ദ്രസാഹിത്യഅക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. 1978ലും 1980ലും സംസ്ഥാന സാഹിത്യഅക്കാദമിയുടെ പുരസ്‌കാരത്തിനും അര്‍ഹനായിട്ടുണ്ട്‌. ഒട്ടേറെ നോവലുകളും ചെറുകഥകളും ഇതിനോടകം പ്രസിദ്ധീകരിച്ചു. അഗ്നിക്കിനാവുകള്‍, മരുന്ന്‌, പരലോകം, സ്‌മാരകശിലകള്‍, കന്യാവനങ്ങള്‍ തുടങ്ങിയവ പ്രധാനനോവലുകളാണ്‌. പ്രണയകഥ, മലമുകളിലെ അബ്ദുള്ള തുടങ്ങിയവയാണ്‌ പ്രധാന ചെറുകഥകള്‍. യാത്രാവിവരണങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്‌. തലശേരി ബ്രണ്ണന്‍ കോളജില്‍നിന്നു ബിരുദവും അലിഗഡ്‌ മുസ്ലീം സര്‍വകലാശാലയില്‍നിന്നു എംബിബിഎസും നേടി. 1940-ല്‍ കോഴിക്കോട്‌ വടകരയിലായിരുന്നു ജനനം.