Breaking News

Trending right now:
Description
 
Oct 26, 2017

ജാമ്യമില്ലാവാറന്റ്‌: ഹാര്‍ദിക്‌ പട്ടേല്‍ കീഴടങ്ങും

image ബിജെപി നേതാവും എംഎല്‍എയുമായ ഋഷികേശ്‌ പട്ടേലിന്റെ ഓഫീസ്‌ തകര്‍ത്ത കേസില്‍ കീഴടങ്ങാന്‍ തയാറാണെന്നു പട്ടേല്‍ പ്രക്ഷോഭ നായകന്‍ ഹാര്‍ദിക്‌ പട്ടേല്‍ വ്യക്തമാക്കി. അറസ്റ്റ്‌ ചെയ്‌ത്‌ തടവറയില്‍ അടച്ചാലും പ്രക്ഷോഭം തുടരുകതന്നെ ചെയ്യുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015-ല്‍ പട്ടേല്‍ പ്രതിഷേധത്തിനിടെയാണ്‌ ബിജെപി നേതാവിന്റെ ഓഫിസ്‌ തകര്‍ത്തത്‌. ഈ കേസില്‍ ഹാര്‍ദിക്‌ പട്ടേലിനെതിരെ അറസ്റ്റുവാറന്റ്‌ പുറപ്പെടുവിച്ചിരുന്നു. വിശാല്‍കോടതിയാണ്‌ വാറന്റ്‌ പുറപ്പെടുവിച്ചത്‌. കേസില്‍ നേരിട്ട്‌ ഹാജരാകണമെന്നു ആവശ്യപ്പെട്ട്‌ കോടതി നേരത്തെ നോട്ടീസ്‌ അയച്ചുവെങ്കിലും ഹാര്‍ദിക്‌ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ്‌ വാറന്റ്‌. പ്രക്ഷോഭത്തില്‍ പങ്കെടുത്ത മറ്റൊരുനേതാവ്‌ ലാല്‍ജി പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും വാറന്റ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. പൊലീസിന്‌ അറസ്റ്റു ചെയ്യണമെങ്കില്‍ ചെയ്യാം. പക്ഷേ പോരാട്ടം തുടരുകതന്നെ ചെയ്യും. തന്റെ പ്രക്ഷോഭത്തില്‍ ബിജെപി ഭയന്നതാണ്‌ പുതിയ സംഭവവികാസങ്ങള്‍ക്കു കാരണമെന്നു ഹാര്‍ദിക്‌ പട്ടേല്‍ പ്രതികരിച്ചു.
സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ നടത്തിയ പ്രക്ഷോഭത്തില്‍ വടക്കന്‍ ഗുജറാത്തിലെ മെഹ്‌സാന ജില്ലയില്‍ വന്‍നാശനഷ്ടം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന്‌ ഹാര്‍ദിക്‌ ഉള്‍പ്പെടെ ആറുനേതാക്കള്‍ക്കെതിരെ നിരവധി കേസുകളുണ്ട്‌. നേരത്തെ രണ്ടുതവണ കോടതി ആവശ്യപ്പെട്ടിട്ടും എത്താതിരുന്ന ഹാര്‍ദിക്കിനെ നേരിട്ട്‌ പ്രത്യക്ഷപ്പെടുന്നതില്‍നിന്ന്‌ ഒഴിവാക്കണമെന്നു അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞെങ്കിലും ജഡ്‌ജി ആവശ്യം തള്ളുകയായിരുന്നു. മെഹ്‌സാന ജില്ലയില്‍ പ്രവേശിക്കുന്നതിനുള്ള നിരോധനം ഒഴിവാക്കണമെന്ന ഹാര്‍ദിക്കിന്റെ ആവശ്യവും കോടതി തള്ളിയിരുന്നു.