Breaking News

Trending right now:
Description
 
Oct 26, 2017

ഗുജറാത്തില്‍ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു: മോദിയും രാഹുലും നേര്‍ക്കുനേര്‍

image ഗുജറാത്ത്‌ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. ഡിസംബര്‍ ഒമ്പത്‌, 14 തീയതികളില്‍ രണ്ടുഘട്ടമായിട്ടാണ്‌ തിരഞ്ഞെടുപ്പ്‌. വോട്ടെണ്ണല്‍ ഡിസംബര്‍ 18നു നടക്കും. ആദ്യഘട്ടത്തില്‍ 89, രണ്ടാംഘട്ടത്തില്‍ 93 മണ്ഡലങ്ങളിലാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കുക. എല്ലാ പോളിങ്‌ ബൂത്തിലും വോട്ടിങ്‌ യന്ത്രത്തില്‍ പേപ്പര്‍ രേഖാ സംവിധാനം (വിവിപാറ്റ്‌) ഉണ്ടാകും. ഹിമാചല്‍ നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിനൊപ്പം ഗുജറാത്തില്‍ പ്രഖ്യാപനം നടത്താതിരുന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിക്കെതിരെ വിവാദം നിലനിക്കുമ്പോഴാണ്‌ ഇന്നലെ പ്രഖ്യാപനം നടത്തിയത്‌. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണ റാലികളും സംസ്ഥാനത്തെ ഉദ്‌ഘാടന പരിപാടികളും നടക്കുന്നതിനാലാണ്‌ പ്രഖ്യാപനം വൈകിച്ചതെന്നാണ്‌ പ്രതിപക്ഷത്തിന്റെ ആരോപണം. ഗുജറാത്ത്‌ തിരഞ്ഞെടുപ്പ്‌ നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത്‌ഷായ്‌ക്കും അഭിമാനപ്രശ്‌നമാണ്‌. മോദിയുടെ ജനപ്രീതിക്കു കുറവുണ്ടായിട്ടില്ലെന്നു ബിജെപിക്കു തെളിയിക്കേണ്ടതുണ്ട്‌.

ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ അവര്‍ക്കുക്ഷീണമുണ്ടാക്കുകയെന്നതാണ്‌ പ്രതിപക്ഷകക്ഷികളുടെയും കോണ്‍ഗ്രസിന്റെയും ലക്ഷ്യം. കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അവസാനപിടിവള്ളിയാണ്‌ ഗുജറാത്ത്‌ ഇലക്ഷന്‍. ഇതിനായി കോണ്‍ഗ്രസ്‌ കളിയാരംഭിച്ചുകഴിഞ്ഞു. ഇവിടെ പ്രബലരായ പട്ടേല്‍ സമുദായത്തെകൂടി ഉള്‍പ്പെടുത്തി വിശാല സമുദായ സഖ്യത്തിനാണ്‌ കോണ്‍ഗ്രസ്‌ ശ്രമിക്കുന്നത്‌. പട്ടേല്‍-ക്ഷത്രിയ-ആദിവാസി-ദലിത്‌-മുസ്ലീം വിശാല സമുദായ സഖ്യമാണ്‌ കോണ്‍ഗ്രസ്‌ ലക്ഷ്യം. പിന്നാക്ക ഐക്യവേദി നേതാവ്‌ അല്‍പേശ്‌ താക്കൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുകഴിഞ്ഞു. ദലിത്‌ നേതാവ്‌ ജിഗ്നേശ്‌ മെവാറി ബിജെപിയെ തറപ്പറ്റിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുമെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു.കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലേക്കില്ലെന്ന നിലപാടിലാണ്‌ പട്ടേല്‍ പ്രക്ഷോഭനായകന്‍ ഹാര്‍ദിക്‌ പട്ടേലിന്റെ നിലപാട്‌. ഹാര്‍ദികിന്‌ ഏതുവിധേനയും കോണ്‍ഗ്രസ്‌ ചേരിയിലേക്ക്‌ കൊണ്ടുവരാനുള്ള കളികളും നടക്കുന്നുണ്ട്‌. നരേന്ദ്രമോദി, അമിത്‌ഷാ തുടങ്ങിയ വന്‍നേതാക്കളുടെ നിരതന്നെ ബിജെപിക്കായി പ്രചരണരംഗത്തുണ്ടാകും.