Breaking News

Trending right now:
Description
 
Oct 25, 2017

സംവിധായകന്‍ ഐ.വി.ശശി അന്തരിച്ചു; സംസ്‌കാരം ഇന്ന്‌

image മലയാളത്തിന്റെ പ്രശസ്‌ത സിനിമ സംവിധായകന്‍ ഐ.വി.ശശി അന്തരിച്ചു. ഏറെക്കാലമായി കരള്‍ അര്‍ബുദത്തിനു ചികിത്സയിലായിരുന്നു. ചെന്നൈ സാലിഗ്രാമിലെ വസതിയില്‍ ചൊവ്വാഴ്‌ച രാവിലെ പത്തരയോടെയായിരുന്നു മരണം. സംസ്‌കാരം ഇന്നു വൈകിട്ട്‌ ആറിന്‌ പൊരൂര്‍ വൈദ്യുതി ശ്‌മശാനത്തില്‍. ഐ.വി.ശശിയുടെ പല ഹിറ്റ്‌ ചിത്രങ്ങളിലെയും നായിക സീമയാണ്‌ ഭാര്യ. രണ്ടുമക്കളുണ്ട്‌. 1975-ല്‍ പുറത്തിറക്കിയ ഉത്സവമാണ്‌ ഐ.വി.ശശിയുടെ ആദ്യ ചിത്രം. അവളുടെ രാവുകളിലൂടെയാണ്‌ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു. 1978ലാണ്‌ അവളുടെ രാവ്‌ പുറത്തിറങ്ങിയത്‌. 1970കളുടെ മധ്യം മുതല്‍ തൊണ്ണൂറുകളുടെ തുടക്കംവരെ ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്‌. 

അനുഭവം, ഇതാ ഇവിടെവരെ, അങ്ങാടി, ഈനാട്‌, ഇണ, നാണയം, ആള്‍ക്കൂട്ടത്തില്‍ തനിയെ, കാണാമറയത്ത്‌, വാര്‍ത്ത, ആവനാഴി, അടിമകള്‍ ഉടമകള്‍, നാല്‍ക്കവല, 1921, മുക്തി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ദേവാസുരം തുടങ്ങിയവ അവയില്‍ ചില സിനിമകളാണ്‌. തൃഷ്‌ണയെന്ന ചിത്രത്തിലൂടെ മമ്മൂട്ടിയെ ആദ്യമായി നായകനാക്കിയതും അദ്ദേഹമാണ്‌. കമല്‍ഹാസന്‍, രജനീകാന്ത്‌, രാജേഷ്‌ഖന്ന, മിഥുന്‍ചക്രവര്‍ത്തി എന്നിവരെയും നായകരാക്കി സിനിമയെടുത്തു. മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി ഭാഷകളിലായി 150ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌. ആരൂഢം എന്ന സിനിമയ്‌ക്ക്‌ 1982-ല്‍ ദേശീയ പുരസ്‌കാരം ലഭിച്ചു. മൃഗയ എന്ന സിനിമയ്‌ക്ക്‌ 1989-ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും നേടി. കേരള സര്‍ക്കാര്‍ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കിയും ആദരിച്ചിട്ടുണ്ട്‌.