Breaking News

Trending right now:
Description
 
Oct 23, 2017

ബിജെപി ഒരുകോടി നല്‍കി വിലയ്‌ക്കെടുക്കാന്‍ നോക്കി: നരേന്ദ്രപട്ടേല്‍

image ഗുജറാത്ത്‌ നിയമസഭാ തിരഞ്ഞെടുപ്പ്‌ മുന്നില്‍കണ്ട്‌ ബിജെപി തന്നെ ഒരുകോടി രൂപയ്‌ക്ക്‌ വിലയ്‌ക്കെടുക്കാന്‍ നോക്കിയെന്ന ആരോപണവുമായി പട്ടേല്‍ പ്രക്ഷോഭ നേതാവ്‌ ഹാര്‍ദിക്‌ പാട്ടേലിന്റെ വലംകൈയായ നരേന്ദ്രപട്ടേല്‍ രംഗത്ത്‌. ഞായറാഴ്‌ച വൈകുന്നേരം ബിജെപിയില്‍ ചേര്‍ന്ന നരേന്ദ്രപട്ടേല്‍ മണിക്കൂറുകള്‍ക്കകമാണ്‌ ബിജെപിയെ വെട്ടിലാക്കി നാടകീയമായി വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്‌. തനിക്ക്‌ അഡ്വാന്‍സായി ലഭിച്ച 10 ലക്ഷംരൂപയുടെ നോട്ടുകെട്ടുകള്‍ നരേന്ദ്രപട്ടേല്‍ കാണിക്കുകയും ചെയ്‌തു. പട്ടേല്‍ സമുദായങ്ങള്‍ക്കു സംവരണം ആവശ്യപ്പെട്ട്‌ ഹാര്‍ദിക്‌ പട്ടേല്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ മുന്‍ നിരയില്‍ ഉണ്ടായിരുന്ന ആളാണ്‌ നരേന്ദ്രപട്ടേല്‍. ബിജെപിയില്‍ ചേരാന്‍ നേരത്തെ പട്ടേലിന്റെ നിരയില്‍നിന്നു ബിജെപിയിലെത്തിയ വരുണ്‍ പട്ടേല്‍വഴി തനിക്ക്‌ ഒരുകോടി രൂപ വാഗ്‌ദാനം ചെയ്‌തുവെന്നും 10 ലക്ഷം രൂപ അഡ്വാസ്‌ നല്‍കിയെന്നും ബാക്കി 90 ലക്ഷംരൂപ നാളെ നല്‍കാമെന്നു പറഞ്ഞതായും നരേന്ദ്ര പട്ടേല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബിജെപിയുടെയും വരുണ്‍ പട്ടേലിന്റെയും നീക്കം ബോധ്യപ്പെടുത്താനാണ്‌ താന്‍ ഈ നീക്കം നടത്തിയതെന്നും റിസര്‍വ്‌ബാങ്ക്‌ മുഴുവനായി തന്നാലും തന്നെ വിലയ്‌ക്കെടുക്കാനാവില്ലെന്നു നരേന്ദ്രപട്ടേല്‍ പറഞ്ഞു.അതേസമയം നരേന്ദ്രപട്ടേലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നു വരുണ്‍ പട്ടേല്‍ വ്യക്തമാക്കി.