Breaking News

Trending right now:
Description
 
Oct 22, 2017

ദിലീപിന്‌ സുരക്ഷയ്‌ക്കായി ഏജന്‍സി; പൊലീസ്‌ നോട്ടീസ്‌ നല്‍കി

image നടിയെ ഉപദ്രവിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ്‌ സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സംരക്ഷണം തേടിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. ഇതുസംബന്ധിച്ച്‌ ദിലീപിന്‌ പൊലീസ്‌ നോട്ടീസ്‌ നല്‍കി. സായുധസംഘത്തിന്റെ സംരക്ഷണം എന്തിനെന്ന്‌ ദിലീപ്‌ വ്യക്തമാക്കണമെന്നു ആവശ്യപ്പെട്ടാണ്‌ നോട്ടീസ്‌ നല്‍കിയത്‌. സുരക്ഷാ ഏജന്‍സിയോടും വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. സ്വകാര്യ ഏജന്‍സിക്കു തോക്ക്‌ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കൈവശം വയ്‌ക്കുന്നതിനുള്ള അനുമതിയുണ്ടോ എന്നും പൊലീസ്‌ അന്വേഷിക്കും. ദിലീപ്‌ സ്വകാര്യ ഏജന്‍സിയെ സമീപിച്ചതില്‍ ജാമ്യവ്യവസ്ഥാ ലംഘനമുണ്ടോയെന്നു പരിശോധിക്കുമെന്നു ആലുവ റൂറല്‍ എസ്‌പി എ.വി.ജോര്‍ജ്‌ വ്യക്തമാക്കി. സുരക്ഷാഭീഷണിയുണ്ടെന്നു കാണിച്ച്‌ ദിലീപ്‌ പൊലീസിനെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോവാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സ്‌ എന്ന ഏജന്‍സിയുടെ സഹായമാണ്‌ ദിലീപ്‌ തേടിയത്‌. ശനിയാഴ്‌ച കൊട്ടാരക്കരയില്‍വച്ച്‌ തണ്ടര്‍ ഫോഴ്‌സിന്റെ വാഹനം പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തു പരിശോധിച്ചു. പൊലീസ്‌ വാഹനം പിടിച്ചപ്പോള്‍ സംഘത്തിന്റെ കൈവശം കൈത്തോക്ക്‌ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇതേ ഏജന്‍സിയുടെ വാഹനം കൊച്ചിയിലും പൊലീസ്‌ തടഞ്ഞിരുന്നു. തണ്ടര്‍ഫോഴ്‌സിന്റെ തൃശൂര്‍ ഓഫിസിലും സ്‌പെഷല്‍ബ്രാഞ്ച്‌ പരിശോധന നടത്തി. ജനമധ്യത്തില്‍ ദിലീപ്‌ ആക്രമിക്കപ്പെടാതിരിക്കാന്‍ മുന്‍കരുതല്‍ എന്ന നിലയിലാണ്‌ പ്രത്യേക സേനയെ നിയോഗിച്ചതെന്നാണ്‌ തണ്ടര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥര്‍ പൊലീസിന്‌ നല്‍കിയ വിശദീകരണം.