Breaking News

Trending right now:
Description
 
Oct 22, 2017

ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്‍ കേരളോത്സവം 28ന്‌

image ഫൊക്കാന ന്യുയോര്‍ക്ക്‌ റീജിയന്‍ കേരളോത്സവം 28നു വൈകിട്ട്‌ ആറുമുതല്‍ ഒമ്പതുവരെ (ക്യൂന്‍സ്‌) ഫ്‌ലോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ നടത്തും. കേരളപ്പിറവി ദിനാഘോഷവും നൃത്തസന്ധ്യയും ഒരുക്കിയിട്ടുണ്ട്‌. കലാമണ്ഡലം ക്ഷേമവതി ടീച്ചറിന്റെ നൃത്തവും ന്യുയോര്‍ക്കിലെ പ്രമുഖ ഡാന്‍സ്‌ സ്‌കൂളുകള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങളും കോര്‍ത്തിണക്കിയാണ്‌ കേരളോത്സവം അവതരിപ്പിക്കുന്നത്‌. അമ്പതുവര്‍ഷമായി നൃത്തരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ക്ഷേമവതി ടീച്ചറിന്റെ അമേരിക്കയിലെ ആദ്യത്തെ സ്റ്റേജ്‌ പ്രോഗ്രാമാണ്‌ കേരളോത്സവം എന്ന പേരില്‍ ന്യൂയോര്‍ക്കില്‍ അണിയിച്ചൊരുക്കുന്നതെന്നു റീജനല്‍ വൈസ്‌ പ്രസിഡന്റ്‌ ശ്രീകുമാര്‍ ഉണ്ണിത്താന്‍ അറിയിച്ചു. തൃശൂര്‍ സ്വദേശിനിയായ ക്ഷേമവതി ടീച്ചര്‍ പതിനൊന്നാം വയസില്‍ കലാമണ്ഡലത്തില്‍ പ്രവേശനം നേടി. പ്രമുഖരായ അനേകം ഗുരുക്കളില്‍നിന്നു നൃത്തം അഭ്യസിച്ചു. ലോകത്തിന്റെ പലഭാഗങ്ങളില്‍ വിവിധവേദികളില്‍ ക്ഷേമവതി ടീച്ചര്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്‌. മോഹിനിയാട്ടത്തിനായി സ്വയം സമര്‍പ്പിക്കപ്പെട്ട ജീവിതമാണ്‌ ടീച്ചറിന്റേത്‌. 

ന്യൂയോര്‍ക്ക്‌ യൂണിയന്‍ ഫൊക്കാന പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം ഫൊക്കാന നാഷനല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള റജിസ്‌ട്രേഷന്‍ ഫോം അന്നു സ്വീകരിക്കും. കഴിഞ്ഞ കണ്‍വന്‍ഷന്‌ താമസിച്ച്‌ രജിസ്‌റ്റര്‍ ചെയ്‌തവര്‍ക്ക്‌ കണ്‍വന്‍ഷന്‍ നടക്കുന്നതിനു പുറത്തുള്ള ഹോട്ടലില്‍ അക്കോമഡേഷന്‍ കിട്ടി എന്ന പരാതിയെതുടര്‍ന്ന്‌ ഈവര്‍ഷം ഡിസംബര്‍വരെ റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ കണ്‍വന്‍ഷന്‍ നടക്കുന്ന റാലി ഫോര്‍ജ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ തന്നെ അക്കോമഡേഷന്‍ നല്‍കുമെന്ന്‌ പ്രസിഡന്റ്‌ തമ്പി ചാക്കോ അറിയിച്ചു. ജനുവരിക്കുശേഷമുള്ള റജിസ്‌ട്രേഷനു കണ്‍വന്‍ഷന്‍ സെന്ററില്‍ റൂമുകള്‍ ഇല്ലെങ്കില്‍ മറ്റുള്ള ഹോട്ടലുകളിലേക്ക്‌ താമസസൗകര്യം മാറ്റികൊടുക്കേണ്ടിവരുമെന്നു സെക്രട്ടറി ഫിലിപ്പോസ്‌ ഫിലിപ്പും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായരും അറിയിച്ചു.