Breaking News

Trending right now:
Description
 
Oct 21, 2017

കുട്ടികളെ കോളജില്‍ വിടുന്നത്‌ എന്തിനാണെന്നു രക്ഷിതാക്കള്‍ ചിന്തിക്കണം: ഹൈക്കോടതി

image കുട്ടികളെ കോളജില്‍ വിടുന്നത്‌ എന്തിനാണെന്നു അവരുടെ മാതാപിതാക്കള്‍ ചിന്തിക്കണമെന്നു ഹൈക്കോടതി. പൊന്നാനി എംഇഎസ്‌ കോളജ്‌ അധികൃതര്‍ നല്‍കിയ കോടതിയലക്ഷ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്‌ ഹൈക്കോടതി ഡിവിഷന്‍ബെഞ്ചിന്റെ നിരീക്ഷണം. മാതാപിതാക്കള്‍ കുട്ടികളെ കോളജില്‍ വിടുന്നത്‌ പഠിക്കാനാണ്‌. മാന്യമായ ജോലിയും ജീവിതമാര്‍ഗവുമാണ്‌ ലക്ഷ്യമിടുന്നത്‌. കുട്ടികള്‍ക്കു ധര്‍ണയും പിക്കറ്റിങ്ങും രാഷ്ട്രീയ പ്രവര്‍ത്തനവുമാണോ പ്രധാനമെന്നു രക്ഷിതാക്കള്‍ ആലോചിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനവും രാഷ്ട്രീയവും ഒന്നിച്ചു വേണ്ടെന്നും ഹൈക്കോടതി ഡിവിഷന്‍ബെഞ്ച്‌ നിര്‍ദേശിച്ചു. സാക്ഷരതയില്‍ ഒന്നാംസ്ഥാനത്തുള്ള കേരളം ഉന്നതവിദ്യാഭ്യാസ രംഗത്ത്‌ അതേസ്ഥാനത്ത്‌ എത്തേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല.ആരാണ്‌ ഉത്തരവാദിയെന്നു പരിശോധിക്കേണ്ട സമയമായി. ബിഹാറിലെ രാഷ്ട്രീയ നേതാക്കള്‍ മക്കളെ റാഞ്ചിയില്‍ ഉന്നതസൗകര്യത്തില്‍ പഠിക്കാന്‍വിട്ടശേഷമാണ്‌ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്‌. മറ്റുള്ള വിദ്യാര്‍ഥികള്‍ ചെഗുവേരയുടെ ചിത്രമുള്ള ടീ ഷര്‍ട്ടും കൂളിങ്‌ ഗ്ലാസും ധരിച്ചു നടക്കുന്നു. ഇതാണോ വിപ്ലവമെന്നു കോടതി ചോദിച്ചു. പൊന്നാനി എംഇഎസ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിയില്‍ തന്നെ കക്ഷി ചേര്‍ത്തതു ചട്ടപ്രകാരം ശരിയല്ലെന്നും താന്‍ കോടതിയലക്ഷ്യം ചെയ്‌തിട്ടില്ലെന്നും കോളജിലെ എസ്‌എഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറി കെ.ജിഷ്‌ണു കോടതിയില്‍ ബോധിപ്പിച്ചു. ജിഷ്‌ണുവിന്റെ മാതാപിതാക്കളുടെ വിശദീകരണത്തിനു നോട്ടീസ്‌ നല്‍കാന്‍ വിലാസം തേടിയിട്ടുണ്ട്‌. കേസ്‌ നവംബര്‍ ആറിനു പരിഗണിക്കും.