Breaking News

Trending right now:
Description
 
Oct 20, 2017

സംസ്ഥാന സ്‌കൂള്‍ കായികമേളയ്‌ക്ക്‌ തുടക്കം; ആദ്യ സ്വര്‍ണം പാലക്കാടിന്‌

image സംസ്ഥാന സ്‌കൂള്‍ കായികമേളയ്‌ക്ക്‌ മീനച്ചിലാറിന്റെ തിരത്ത്‌ തുടക്കമായി. പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക്‌ ട്രാക്കില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ മത്സരത്തോടെയാണ്‌ മേളയ്‌ക്ക്‌ തുടക്കം കുറിച്ചത്‌. കായികമേളയില്‍ ആദ്യ സ്വര്‍ണം പാലക്കാടിന്റെ പേരിലായി. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പറളി സ്‌കൂളിലെ പി.എന്‍.അജിത്താണ്‌ സ്വര്‍ണം നേടിയത്‌. 1500 മീറ്ററിലും അജിത്ത്‌ മത്സരിക്കുന്നുണ്ട്‌. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ആദര്‍ശ്‌ ഗോപിക്കാണ്‌ വെള്ളി. കോതമംഗലം മാര്‍ ബേസിലിന്റെ അനുമോള്‍ തമ്പി കായികമേളയുടെ രണ്ടാം സ്വര്‍ണം സ്വന്തമാക്കി. 3000 മീറ്ററിലാണ്‌ അനുമോള്‍ക്ക്‌ സ്വര്‍ണം. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട്‌ കല്ലടി സ്‌കൂളിലെ ചാന്ദനി സ്വര്‍ണം നേടി. ഇന്ന്‌ 18 ഇനങ്ങളിലാണ്‌ സ്വര്‍ണമെഡല്‍ പോരാട്ടം നടക്കുന്നത്‌. 

തിങ്കളാഴ്‌ച അവസാനിക്കുന്ന മേളയില്‍ സബ്‌ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ആണ്‍-പെണ്‍ വിഭാഗങ്ങളിലായി 95 ഇനങ്ങളിലാണ്‌ മത്സരം. ഇതാദ്യമായിട്ടാണ്‌ പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള മത്സരം. 2858 താരങ്ങള്‍ കായികോത്സവത്തിന്‌ മാറ്റുരയ്‌ക്കും. കിരീടം നിലനിര്‍ത്താനുള്ള കുതിപ്പാവും പാലക്കാട്‌ ജില്ല നടത്തുക. എന്നാല്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കുമെന്ന വാശിയോടെ എറണാകുളവും എത്തിയതോടെ ഇരുവരും തമ്മിലുള്ള പോരാട്ടമായിരിക്കും ശ്രദ്ധേയമാകുന്നത്‌. കഴിഞ്ഞവര്‍ഷത്തെപ്പോലെ ഹരിത പെരുമാറ്റച്ചട്ടവും കായികോത്സവത്തിന്‌ നിര്‍ബന്ധമാണ്‌. ജില്ലയിലെ ആദ്യ സിന്തറ്റിക്‌ ട്രാക്ക്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു വൈകിട്ട്‌ നാലിന്‌ നാടിന്‌ സമര്‍പ്പിക്കും. ഒപ്പം സംസ്ഥാന കായികോത്സവവും ഉദ്‌ഘാടനം ചെയ്യും.