Breaking News

Trending right now:
Description
 
Oct 19, 2017

കാമുകനെ സ്വന്തമാക്കാന്‍ യുവതി വൃക്കവില്‍ക്കാനൊരുങ്ങി

image കാമുകനെ വിവാഹം കഴിക്കണമെങ്കില്‍ 1.80 ലക്ഷം രൂപ നല്‍കണമെന്ന ആവശ്യത്തിന്‌ വൃക്ക വിറ്റ്‌ പണം കണ്ടെത്താന്‍ കാമുകി തയാറായി. ഇതിനായി ഡല്‍ഹിയിലെത്തിയ യുവതിയെ വനിതാ കമ്മിഷന്റെ ഇടപെടലില്‍ പിന്തിരിപ്പിച്ചു. ബിഹാര്‍ സ്വദേശിനിയായ 21കാരി ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ്‌ വൃക്ക വില്‍ക്കാന്‍ എത്തിയത്‌. യുവതിയുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന്‌ പൊലീസ്‌ വനിതാ പൊലീസ്‌ പ്രതിനിധികളുമായി എത്തിയപ്പോഴാണ്‌ കാമുകനെ സ്വന്തമാക്കാനുള്ള ആഗ്രഹത്താലാണ്‌ വൃക്കവിറ്റ്‌ പണം നേടാന്‍ യുവതി എത്തിയതെന്നു മനസിലായി. യുവതിയെ ഇതില്‍നിന്നു പിന്തിരിപ്പിച്ച വനിതാ കമ്മിഷന്‍ കാമുകനെതിരെ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി വഴങ്ങിയില്ല. വിവരമറിഞ്ഞ്‌ എത്തിയ വീട്ടുകാര്‍ക്കൊപ്പം യുവതിയെ പറഞ്ഞുവിട്ടു. യുവതി വിവാഹിതയായിരുന്നെങ്കിലും നാളുകളായി ഭര്‍ത്താവുമായി അകന്നുകഴിയുകയും വിവാഹമോചനം നേടുകയും ചെയ്‌തിരുന്നു. ഇതിനിടെയാണ്‌ അയല്‍വാസിയായ യുവാവുമായി പ്രണയത്തിലായത്‌. ഈ ബന്ധത്തിന്‌ യുവാവിന്റെ വീട്ടുകാര്‍ അനുവധിച്ചില്ല. കാമുകനായ യുവാവ്‌ പിന്നീട്‌ ഉത്തര്‍പ്രദേശിലെ മൊറാദാബാദിലേക്കു മാറി. വീട്ടുകാരോട്‌ വഴക്കിട്ട യുവതി പിന്നീട്‌ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി യുവാവിനെ സമീപിക്കുകയായിരുന്നു. വിവാഹം കഴിക്കണമെങ്കില്‍ 1.80 ലക്ഷം രൂപാ നല്‍കണമെന്ന കാമുകന്റെ നിര്‍ബന്ധത്തിനു വഴങ്ങി നിര്‍വാഹമില്ലാതെ വൃക്കവില്‍ക്കാന്‍ യുവതി തയാറാവുകയായിരുന്നു.