Breaking News

Trending right now:
Description
 
Oct 19, 2017

മോദിയുടെ വിമാനയാത്രകള്‍ക്ക്‌ പണം മുടക്കിയതാരെന്ന്‌ കോണ്‍ഗ്രസ്‌

image ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ നരേന്ദ്രമോദി സ്വകാര്യ ചാര്‍ട്ടേഡ്‌ വിമാനങ്ങളില്‍ നടത്തിയ യാത്രകള്‍ക്ക്‌ ആരാണ്‌ പണം മുടക്കിയതെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നു കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു. 100 സൗജന്യയാത്രകളാണ്‌ ഇക്കാലയളവില്‍ നടത്തിയത്‌. ഇതിന്‌ 16.56 കോടിയോളം രൂപ ചെലവഴിച്ചു. ഈ പണം ആരാണ്‌ മുടക്കിയതെന്നു വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനു ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നു കോണ്‍ഗ്രസ്‌ വ്യക്താവ്‌ അഭിഷേക്‌ മനു സിങ്‌ വി വ്യക്തമാക്കി. റിലയന്‍സ്‌ മുതല്‍ അദാനി ഗ്രൂപ്പുവരെയുള്ളവരുടെ വിമാനങ്ങളില്‍ രാജ്യത്തിനകത്തും പുറത്തും യാത്രചെയ്‌ത മോദി പൊതുജീവിത മര്യാദകള്‍ ലംഘിച്ചിരിക്കുകയാണ്‌. 500 രൂപയിലേറെ വിലയുള്ള സമ്മാനങ്ങള്‍ വാങ്ങിയാല്‍ മുഖ്യമന്ത്രിമാര്‍ അതുവെളിപ്പെടുത്തേണ്ടതുള്ളപ്പോഴാണ്‌ ഈ വിധത്തിലുള്ള പാരിതോഷികം മോദി സ്വീകരിക്കുകയും വെളിപ്പെടുത്താതിരിക്കുകയും ചെയ്യുന്നത്‌. ആരും സൗജന്യമായി വിരുന്നു നല്‍കില്ല. സൗജന്യയാത്ര നല്‍കിയവര്‍ക്കു ഭരണാധികാരിയില്‍നിന്നു പ്രതിഫലം ലഭിച്ചിട്ടുണ്ടാവും. സര്‍ക്കാരിന്റെ നയതീരുമാനങ്ങളുടെ ഗുണഫലം അനുഭവിച്ച വ്യവസായികളുടെ നന്ദിപ്രകാശമായിരിക്കാം ഇതെന്നു സിങ്‌ വി ആരോപിച്ചു. വിമാനടിക്കറ്റ്‌ വാങ്ങിക്കാന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട്‌ വധേര ആയുധ ഇടപാടുകാരന്‍ സഞ്‌ജയ്‌ ഭണ്ഡാരിയുടെ സഹായം തേടിയെന്നു ബിജെപി ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ്‌ മോദിക്കെതിരെ ശക്തമായ ആരോപണവുമായി കോണ്‍ഗ്രസ്‌ എത്തിയത്‌.