Breaking News

Trending right now:
Description
 
Oct 18, 2017

ലോട്ടറി വില്‍പ്പനക്കാര്‍ക്ക്‌ യൂണിഫോം ഏര്‍പ്പെടുത്തി

image സംസ്ഥാനത്തെ അംഗീകൃത ലോട്ടറി വില്‍പ്പനക്കാര്‍ക്ക്‌ സര്‍ക്കാര്‍ യൂണിഫോം ഏര്‍പ്പെടുത്തി. സംസ്ഥാന ലോട്ടറി സുവര്‍ണജൂബിലി ആഘോഷച്ചടങ്ങില്‍ മന്ത്രി തോമസ്‌ ഐസക്‌ പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള 50,000 ലോട്ടറി വില്‍പ്പനക്കാര്‍ക്കാണ്‌ യൂണിഫോം ഘട്ടംഘട്ടമായി നല്‍കുന്നത്‌. മെറൂണ്‍ നിറത്തിലുള്ള ഓവര്‍കോട്ടാണ്‌ യൂണിഫോം. ഇതില്‍ ലോട്ടറി വകുപ്പിന്റെ പരസ്യമുണ്ടാകും. കുടുംബശ്രീയാണ്‌ ഇത്‌ തയാറാക്കുന്നത്‌. ഏജന്റുമാരും വില്‍പ്പനക്കാരും തമ്മിലുള്ള ഐക്യം വളര്‍ത്തുന്നതിനും മത്സരം ഒഴിവാക്കുന്നതിനും യൂണിഫോം സഹായിക്കുമെന്നു മന്ത്രി വ്യക്തമാക്കി. കേരളാ ഭാഗ്യക്കുറിയുടെ അന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഭാഗ്യക്കുറിയുടെ വരുമാനം കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ആരോഗ്യപരിരക്ഷയ്‌ക്ക്‌ ഉപയോഗപ്പെടുത്താനാണ്‌ തീരുമാനിച്ചിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. ലോട്ടറി വില്‍പനക്കാരിലെ വികലാംഗരായിട്ടുള്ളവര്‍ക്കു വികലാംഗ കോര്‍പ്പറേഷന്‍ മുഖേന മുച്ചക്ര വാഹനങ്ങള്‍ നല്‍കുന്നതിന്‌ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.