Breaking News

Trending right now:
Description
 
Oct 18, 2017

കണ്ണൂരില്‍ ഇത്രയേറെ രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്തുകൊണ്ട്‌? ഹൈക്കോടതി

image കണ്ണൂര്‍ ജില്ലയില്‍ മാത്രം ഇത്രയേറെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നത്‌ എന്തുകൊണ്ടാണെന്നു ഹൈക്കോടതി ചോദിച്ചു. ഇടതു സര്‍ക്കാര്‍ ഭരണത്തിലെത്തിയശേഷം ബിജെപി, ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഏഴു കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയിലാണ്‌ ചീഫ്‌ ജെസ്‌റ്റീസ്‌ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വാക്കാലുള്ള ചോദ്യം. തലശേരിയിലെ ഗോപാലന്‍ അടിയോടി വക്കീല്‍ സ്‌മാരക ട്രസ്‌റ്റാണ്‌ ഹര്‍ജി നല്‍കിയത്‌. ഏഴു കേസുകളിലെ അന്വേഷണത്തിന്റെ വിവരങ്ങള്‍ വ്യക്തമാക്കി 25നു സര്‍ക്കാര്‍ മറുപടി സത്യവാങ്‌മൂലം നല്‍കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഏഴു കേസുകളില്‍ നാലെണ്ണം കണ്ണൂരിലാണ്‌ നടന്നതെന്നു ഹര്‍ജിഭാഗം ആരോപിച്ചു. 2016 ജൂലൈ 12 മുതല്‍ 2017 ജൂലൈ 29 വരെയുള്ള കാലയളവിലാണ്‌ ഏഴു കൊലപാതകങ്ങള്‍ നടന്നത്‌. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ഉണ്ടായ കൊലക്കേസില്‍ ഭരണമുന്നണിയിലെ പ്രധാന പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്‌. അതേസമയം, കണ്ണൂര്‍ ജില്ലയില്‍ കുടുംബവഴക്കുകളെ തുടര്‍ന്നുണ്ടാകുന്ന കൊലപാതകങ്ങള്‍പോലും രാഷ്ട്രീയ കൊലപാതകങ്ങളായി ചിത്രീകരിക്കുകയാണെന്നു സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ്‌ ജനറല്‍ കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ ആരോപിക്കുന്നതരത്തില്‍ ഇവിടെ കൊലപാതകങ്ങള്‍ നടക്കുന്നില്ല. കൊലപാതകങ്ങള്‍ക്ക്‌ തടയിടാന്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്‌. അന്വേഷണം മറ്റ്‌ ഏജന്‍സികള്‍ക്കു കൈമാറേണ്ട സാഹചര്യമില്ലെന്നും അഡ്വക്കേറ്റ്‌ ജനറല്‍ വ്യക്തമാക്കി.