Breaking News

Trending right now:
Description
 
Oct 17, 2017

മോദി സര്‍ക്കാരിനെതിരെ വീണ്ടും യശ്വന്ത്‌ സിന്‍ഹ

image പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ വീണ്ടും വിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത്‌ സിന്‍ഹ. വിദര്‍ഭയില്‍ കര്‍ഷകരുടെ എന്‍ജിഒ സംഘടിപ്പിച്ച യോഗത്തിലാണ്‌ യശ്വന്ത്‌ സിന്‍ഹ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്‌. നമ്മുടെ ഭരണത്തലവന്‍ അടുത്തിടെ നടത്തിയ മണിക്കൂറുകള്‍ നീണ്ട പ്രസംഗത്തില്‍ കണക്കുകള്‍ ഉദ്ധരിച്ച്‌ ഇന്ത്യയുടെ വികസനത്തെപ്പറ്റി പ്രതിപാദിച്ചു. അനേകം കാറുകളും ബൈക്കുകളും വില്‍ക്കുന്നതാണോ വികസനത്തിന്റെ അര്‍ഥം. വില്‍പ്പനയുണ്ട്‌ എന്നതു ശരിതന്നെ. എന്നാല്‍, എന്തെങ്കിലും നിര്‍മാണം ഇവിടെ നടക്കുന്നുണ്ടോ സിന്‍ഹ ചോദിച്ചു. നോട്ട്‌ നിരോധനം തീര്‍ത്തും പരാജയമായിരുന്നുവെന്നു അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. പരാജയമായ ഒരു സംവിധാനത്തെക്കുറിച്ച്‌ കൂടുതലൊന്നും പറയുന്നില്ല. ഞങ്ങള്‍ പ്രതിപക്ഷത്ത്‌ ആയിരുന്നപ്പോള്‍ രാജ്യത്ത്‌ നികുതി ഭീകരത, റെയ്‌ഡ്‌ രാജ്‌ എന്നിങ്ങനെ സര്‍ക്കാരിനെക്കുറിച്ച്‌ ആക്ഷേപങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇന്നത്തെ പോക്കിനെക്കുറിച്ച്‌ ഭീകരത എന്നല്ലാതെ മറ്റൊരു വാക്കുപറയാനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഎസ്‌ടിയെക്കുറിച്ചു പ്രധാനമന്ത്രിയും കേന്ദ്രവും പറഞ്ഞത്‌ നല്ലതും ലളിതവുമായ നികുതിയെന്നാണ്‌. എന്നാല്‍ മോശവും സങ്കീര്‍ണവുമായ നികുതിയായി ജിഎസ്‌ടി മാറിയിരിക്കുന്നു. ജിഎസ്‌ടിയിലെ തടസങ്ങള്‍ നീക്കാന്‍ സര്‍ക്കാരിനു ഉത്തരവാദിത്വമുണ്ടെന്നും യശ്വന്ത്‌ സിന്‍ഹ വ്യക്തമാക്കി.