Breaking News

Trending right now:
Description
 
Oct 16, 2017

രാജീവ്‌ വധക്കേസ്‌: അഡ്വ.ഉദയഭാനു ഏഴാംപ്രതി

image ചാലക്കുടിയില്‍ വസ്‌തുഇടപാടുകാരന്‍ രാജീവ്‌ വധക്കേസില്‍ പ്രമുഖ അഭിഭാഷകന്‍ സി.പി.ഉദയഭാനു ഏഴാം പ്രതിയാകും. പ്രതികളും ഉദയഭാനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിക്കു അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടു നല്‍കി. ഉദയഭാനുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്‌ പ്രോസിക്യൂഷന്‍ ഇയാളെ പ്രതി ചേര്‍ത്തതായി പ്രഖ്യാപിച്ചത്‌. ഉദയഭാനുവിനെതിരെ അന്വേഷണം തുടരാമെന്നും കോടതി ഉത്തരവിട്ടു. അതേസമയം, ഉദയഭാനുവിന്‌ കേസില്‍ വ്യക്തമായ ബന്ധമുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട്‌ രാജീവിന്റെ മകന്‍ അഖില്‍ കോടതിയില്‍ ഹര്‍ജി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ്‌ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഈമാസം 23ലേക്കു മാറ്റി.
കൊലപാതകം നടന്ന ദിവസം ഏഴുതവണ ഒന്നാംപ്രതിയുമായി അഭിഭാഷകന്‍ ഉദയഭാനു സംസാരിച്ചതായി പൊലീസ്‌ കോടതിയെ അറിയിച്ചു. കഴിഞ്ഞദിവസം ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഉദയഭാനുവിനെ സംശയിക്കാന്‍ കാരണമുണ്ടെങ്കില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിന്‌ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റു ചെയ്യുമെന്നു ആശങ്കയുണ്ടെന്നു മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാജീവിന്റെ അങ്കമാലയിലെ വീട്ടില്‍ ഉദയഭാനു വന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ ഉദയഭാനു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്‌. കേസില്‍ ഇതുവരെ ആറുപേരെ പൊലീസ്‌ അറസ്റ്റു ചെയ്‌തിരുന്നു.