Breaking News

Trending right now:
Description
 
Oct 16, 2017

യുഡിഎഫിന്റെ ഹര്‍ത്താല്‍ തുടങ്ങി; കല്ലേറും വാഹനങ്ങള്‍ തടയലും

image സംസ്ഥാനത്ത്‌ യുഡിഎഫ്‌ ആഹ്വാനം ചെയ്‌ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആരംഭിച്ചു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിലും പാചകവാതക വിലവര്‍ധനയിലും പ്രതിഷേധിച്ചാണ്‌ ഹര്‍ത്താല്‍. തിരുവനന്തപുരത്ത്‌ കെഎസ്‌ആര്‍ടിസി ബസിനു നേര്‍ക്കു കല്ലേറുണ്ടായി. ആര്യനാട്‌, പാറശാല, പാളയം, വട്ടപ്പാറം എന്നിവിടങ്ങളില്‍നിന്നുള്ള ബസിനുനേര്‍ക്കാണ്‌ കല്ലേറ്‌ ഉണ്ടായത്‌. കൊച്ചി പാലാരിവട്ടത്തും കെഎസ്‌ആര്‍ടിസി ബസിനു നേര്‍ക്കു കല്ലെറിഞ്ഞു. ആലപ്പുഴ-ഗുരുവായൂര്‍ ബസിനു നേര്‍ക്കാണ്‌ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്‌. തൃശൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. മറ്റു സംഭവങ്ങളില്‍ ഇതുവരെയും അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. ഒരിടത്തും സ്വകാര്യ ബസുകള്‍ സര്‍വീസ്‌ നടത്തുന്നില്ല. കരുനാഗപ്പള്ളി ഹൈസ്‌കൂള്‍ ജംക്ഷനുസമീപം കോണ്‍ഗ്രസ്‌ ഓഫിസിനു മുന്നില്‍ വനിതകള്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചു. നഗരപ്രദേശങ്ങളില്‍ പൊലീസ്‌ സുരക്ഷയോടെ കെഎസ്‌ആര്‍ടിസി ബസ്‌ ഓടുന്നുണ്ട്‌. യുഡിഎഫ്‌ ആഹ്വാനം ചെയ്‌തിട്ടുള്ള ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരിക്കുമെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല പ്രഖ്യാപിച്ചത്‌ കാറ്റില്‍പറത്തിയാണ്‌ മിക്കയിടങ്ങളിലും കല്ലേറും വാഹനങ്ങള്‍ തടയലും ദേശീയപാത ഉപരോധവും മറ്റും ഉണ്ടായത്‌. വാഹന ഗതാഗതം തടസപ്പെടുത്തുകയോ നിര്‍ബന്ധിച്ചു കടകള്‍ അടപ്പിക്കുകയോ ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയോ തടയുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.