Breaking News

Trending right now:
Description
 
Oct 15, 2017

പ്രളയജലത്തില്‍ ബെംഗളൂരു മുങ്ങി: ഒമ്പത്‌ മരണം; കാറില്‍ അകപ്പെട്ട യുവതിയെ രക്ഷിച്ചു

image മെട്രോ നഗരമായ ബെംഗളൂരു കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയജലത്തില്‍ മുങ്ങി. ഒറ്റരാത്രികൊണ്ട്‌ പെയ്‌ത മഴ ജനജീവിതം ദുരിതത്തിലാക്കി. രണ്ടാഴ്‌ചയായി തുടരുന്ന മഴയില്‍ ഒമ്പതുപേര്‍ മരിച്ചതായാണ്‌ റിപ്പോര്‍ട്ട്‌ 14.4 സെന്റമീറ്റര്‍ മഴയാണ്‌ ഈ സമയത്ത്‌ പെയ്‌തത്‌. ഏറ്റവും ശക്തമായ മഴയെ അതിജീവിക്കാന്‍ കഴിയാതെ ഈ മഹാനഗരം നിശ്ചലമായി. റോഡിലും വഴിയരുകിലും പാര്‍ക്ക്‌ചെയ്‌തിരുന്ന വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. നായന്തഹള്ളിയില്‍ പ്രളയജലത്തില്‍ മുങ്ങിയ കാറില്‍ കുടുങ്ങിയ സ്‌ത്രീയെ സാഹസികമായിട്ടാണ്‌ രക്ഷപ്പെടുത്തിയത്‌. റോഡിലെ വെള്ളക്കെട്ടില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും മുങ്ങിയിരുന്നു. ഒഴുക്കില്‍പ്പെട്ട്‌ ആടിയുലഞ്ഞ കാറില്‍ സ്‌ത്രീ കുടുങ്ങിയതുകണ്ട്‌ മൂന്നു പൊലീസുകാരും ഓട്ടോ ഡ്രൈവറും ചേര്‍ന്ന്‌ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. സ്‌ത്രീയെ രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ഏറ്റവുമധികം മഴലഭിച്ച വര്‍ഷമെന്ന റെക്കോര്‍ഡിലേക്കാണ്‌ ബെംഗളൂരു അടുക്കുന്നത്‌. ഇന്നലെ രാവിലെവരെയുള്ള കണക്കനുസരിച്ച്‌ ഈവര്‍ഷം 1540 മില്ലിമീറ്റര്‍ മഴ ലഭിച്ചു. നഗരത്തില്‍ പലയിടങ്ങളും പ്രളയജലത്തില്‍ മുങ്ങിയെന്നാണ്‌ റിപ്പോര്‍ട്ട്‌. പുറത്തിറങ്ങാന്‍പോലും കഴിയാത്തവിധം ആളുകള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി. വെള്ളംകയറിയ വീടുകളില്‍നിന്നു ആളുകളെ മാറ്റിപാര്‍പ്പിച്ചു. ശക്തമായമഴയില്‍ പ്രധാനപാതകള്‍ ഉള്‍പ്പെടെ പലയിടത്തും റോഡില്‍ വെള്ളക്കെട്ടാണ്‌. ഇതു അപകടത്തിനു കാരണമാകുന്നുണ്ട്‌. ദേശീയ ദുരന്തനിവാരണസേനയും സംസ്ഥാന ദുരന്ത നിവാരണസേനയുമാണ്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. മഴവെള്ളക്കനാലില്‍ കഴിഞ്ഞദിവസം ഒഴുക്കില്‍പെട്ട അമ്മയേയും മകളെയും ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല. മഴ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ ഒരുലക്ഷംരൂപവീതം നഷ്ടപരിഹാരം മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു.