Breaking News

Trending right now:
Description
 
Oct 13, 2017

മോദിയുടെ ഗുജറാത്ത്‌ സന്ദര്‍ശനത്തിനായി തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചില്ലെന്ന്‌

image ഹിമാചല്‍ പ്രദേശിനൊപ്പം ഗുജറാത്ത്‌ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പു കമ്മിഷന്‍ വിവാദത്തിലായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്ത്‌ സന്ദര്‍ശനവും റാലിയും മുന്നില്‍കണ്ടാണ്‌ കമ്മിഷന്‍ തീയതി പ്രഖ്യാപിക്കുന്നതില്‍നിന്നു പിന്മാറിയതെന്നാണ്‌ ആരോപണം. കമ്മീഷന്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയെന്നു കോണ്‍ഗ്രസ്‌ തുറന്നടിക്കുകയും ചെയ്‌തു. ഹിമാചല്‍പ്രദേശില്‍ ജനുവരി ഏഴിലും ഗുജറാത്തില്‍ ജനുവരി 22നുമാണ്‌ നിയമസഭാ കാലാവധി പൂര്‍ത്തിയാകുന്നത്‌. ആറുമാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു നടപടി തിയതികള്‍ ഒരുമിച്ചു പ്രഖ്യാപിക്കുന്നതാണു കമ്മീഷന്റെ രീതി. എന്നാല്‍ വ്യാഴാഴ്‌ച ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പുതീയതി മാത്രമേ കമ്മീഷന്‍ പ്രഖ്യാപിച്ചുള്ളൂ. ഇതോടെ ഈ സംസ്ഥാനത്തു പെരുമാറ്റച്ചട്ടം നിലവില്‍ വരുകയും ചെയ്‌തു. ഈ മാസം 16ന്‌ പ്രധാനമന്ത്രി ഗുജറാത്തില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്‌. തിരഞ്ഞെടുപ്പുതീയതി പ്രഖ്യാപിച്ചാല്‍ ഗുജറാത്തില്‍ പെരുമാറ്റച്ചട്ടം നിലവില്‍വരും. ഇത്‌ തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടു വാഗ്‌ദാനങ്ങള്‍ നല്‍കുന്നതിനു മോദിക്കും ബിജെപിക്കും വിലക്കാവും. ഇത്‌ ഒഴിവാക്കാനാണ്‌ തീയതി പ്രഖ്യാപിക്കാതെ കമ്മീഷന്‍ ഉരുണ്ടുകളിച്ചതെന്നാണ്‌ ആരോപണം. രാഷ്ട്രീയ ലക്ഷ്യത്തിനായി ഗുജറാത്ത്‌ തിരഞ്ഞെടുപ്പു പ്രഖ്യാപനം മാറ്റിവയ്‌ക്കാന്‍ കമ്മിഷനുമേല്‍ മോദി സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നുവെന്നു വ്യക്തമായതായി കോണ്‍ഗ്രസ്‌ നേതാവ്‌ രണ്‍ദീപ്‌ സുര്‍ജെവാല ആരോപിച്ചു.