Breaking News

Trending right now:
Description
 
Oct 13, 2017

വാതരോഗങ്ങള്‍: സത്യവും മിഥ്യയും

ലോക വാതരോഗ ദിനം ഒക്ടോബര്‍ 12-ന്‌
image ഡോ ആബു അലക്‌സ്‌
സീനിയര്‍ കണ്‍സള്‍ട്ടന്റ്‌, റുമറ്റോളജി
ആസ്റ്റര്‍ മിംസ്‌ കോഴിക്കോട്‌


വാതരോഗങ്ങളെക്കുറിച്ച്‌ (ആര്‍ത്രൈറ്റിസ്‌) ഒട്ടേറെ തെറ്റിദ്ധാരണകളുണ്ട്‌. പ്രായമായവരില്‍ കാണപ്പെടുന്ന രോഗമാണെന്നും സന്ധികളെ ബാധിക്കുന്ന രോഗമാണെന്നും പുരുഷന്മാരേക്കാള്‍ സ്‌ത്രീകളെയാണ്‌ ഈ രോഗം ബാധിക്കുന്നതെന്നും പാല്‍ ഉത്‌പന്നങ്ങള്‍ ഈ രോഗം വഷളാക്കും എന്നുതുടങ്ങി ഒട്ടേറെ തെറ്റായ ധാരണകള്‍ ആളുകള്‍ വച്ചുപുലര്‍ത്തുന്നുണ്ട്‌. സാമൂഹികമാധ്യമങ്ങളിലും വാട്ട്‌സ്‌ആപ്പിലും മറ്റും പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ ഇതിന്‌ ആക്കം കൂട്ടുന്നു. ലോക വാതദിനത്തില്‍ ഇത്തരം ധാരണകള്‍ മാറ്റിയെടുക്കാം.

Image result for arthritis


കെട്ടുകഥ - 1 എല്ലാ സന്ധിവേദനകളും വാതരോഗംമൂലമാണ്‌


നീര്‍ക്കെട്ടുണ്ടാക്കുന്നതും അല്ലാത്തതുമായ വിവിധതരത്തിലുള്ള സന്ധിരോഗങ്ങള്‍ക്കുമുള്ള പൊതുവായ പേരാണ്‌ വാതം. സന്ധികളിലും ചുറ്റുമുള്ള കോശങ്ങളിലുമുണ്ടാകുന്ന നീര്‍ക്കെട്ട്‌ മൂലം വേദനയും ബലക്ഷയവുമുണ്ടാകുന്ന അവസ്ഥയെയാണ്‌ വാതം എന്ന്‌ വിശേഷിപ്പിക്കുന്നത്‌. എന്നാല്‍, നൂറിലധികം അവസ്ഥകളെ വാതം എന്നു വിളിക്കാം. വാതസംബന്ധമായ അസ്ഥിപേശീ രോഗം എന്നാണ്‌ ഇതിനെ വിളിക്കേണ്ടത്‌. ഇത്‌ രണ്ട്‌ തരമുണ്ട്‌. വീക്കമുണ്ടാക്കുന്നതും വീക്കമുണ്ടാക്കാത്തതും.

സാധാരണയായി കാണപ്പെടുന്ന വീക്കമുണ്ടാക്കാത്ത വാതരോഗങ്ങള്‍ നട്ടെല്ലിനെ നശിപ്പിക്കുന്നതും മുട്ടുകള്‍ക്ക്‌ തേയ്‌മാനമുണ്ടാക്കുന്നതും അസ്ഥിക്ഷയമുണ്ടാക്കുന്നതും പേശികള്‍ക്കും തരുണകലകള്‍ക്കും വേദനയും ക്ഷീണവുമുണ്ടാക്കുന്ന ഫൈബ്രോമയാള്‍ജിയയുമാണ്‌.


വീക്കമുണ്ടാക്കുന്നതരം വാതരോഗങ്ങളില്‍ പ്രധാനം ആമവാതം, ആങ്കിലോസിംഗ്‌ സ്‌പോണ്ടിലൈറ്റിസ്‌, ശരീരത്തേയും അവയവങ്ങളെയും ബന്ധിപ്പിക്കുന്ന കോശങ്ങളിലെ രോഗങ്ങള്‍ എന്നിവയാണ്‌. ചികിത്സ തുടങ്ങുന്നതിനുമുമ്പേ ഏതുതരം വാതമാണ്‌ ബാധിച്ചിരിക്കുന്നത്‌ എന്നത്‌ തിരിച്ചറിയണം.


ടെന്‍ഡോനൈറ്റിസ്‌, ബര്‍സൈറ്റിസ്‌ അല്ലെങ്കില്‍ ലൂപ്പസ്‌ എന്നിങ്ങനെയുള്ള രോഗങ്ങള്‍ ചിലപ്പോള്‍ വാതത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചേക്കാം. അതുകൊണ്ടുതന്നെ സന്ധിവേദനകളും മറ്റും ചികിത്സിക്കുന്നതിനുമുമ്പേ കൃത്യമായ രോഗാവസ്ഥയെന്തെന്ന്‌ തിരിച്ചറിയണം.

Image result for arthritis


കെട്ടുകഥ - 2 പ്രായമായവരിലെ രോഗമാണ്‌ ആര്‍ത്രൈറ്റിസ്‌


പ്രായം ചെല്ലുന്തോറും വാതരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌. എന്നാല്‍, കുട്ടികളിലും യുവാക്കളിലും അടക്കം എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും രോഗമുണ്ടാകാം.


കെട്ടുകഥ - 3 സന്ധികള്‍ക്കുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാന്‍ സാധിക്കില്ല

നേരത്തെ രോഗം തിരിച്ചറിയുകയും ചികിത്സ തുടങ്ങുകയും ചെയ്യുന്നതിന്‌ അനുസരിച്ച്‌ നീര്‍ക്കെട്ട്‌, വേദനാജനകമായ ലക്ഷണങ്ങള്‍, സന്ധികളുടെ തകരാര്‍ എന്നിവ കൈകാര്യം ചെയ്യാന്‍ സാധിക്കും. നീര്‍ക്കെട്ട്‌ തടയുന്നതിനുള്ള മരുന്നുകള്‍, കോര്‍ട്ടിക്കോസ്‌റ്റീറോയ്‌ഡുകള്‍

വാതരോഗത്തിനെതിരേയുള്ള മരുന്നുകള്‍ എന്നിവ ഉപയോഗിച്ചായിരിക്കും ചികിത്സ.

കെട്ടുകഥ - 4 വാതമുള്ളവര്‍ അനങ്ങാതിരുന്നാല്‍ വേദന മാറും
സത്യത്തില്‍ കൃത്യമായ വ്യായാമം സന്ധികളുടെ ശരിയായ ചലനത്തെ സഹായിക്കും. എന്നാല്‍, അനങ്ങാതെയിരുന്നാല്‍ സന്ധികള്‍ നശിച്ചുപോകും. അധികം ആഘാതമുണ്ടാക്കാത്ത തരത്തിലുള്ള വ്യായാമം, വൈവിധ്യമാര്‍ന്ന ഫിസിയോതെറാപ്പി രീതികള്‍, കൈകാലുകള്‍ ചലിപ്പിക്കുന്നതും വിസ്‌തൃതമാക്കുന്നതുമായ ചലനങ്ങള്‍ എന്നിവ സന്ധികളുടെ ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്തുന്നതിനും വാതത്തിന്റെ വേദന മാറ്റുന്നതിനും സഹായിക്കും.


കെട്ടുകഥ 5 സന്ധികളുടെ പുനരുജ്ജീവനത്തിന്‌ ഗ്ലൂക്കോസാമിന്‍ സപ്ലിമെന്റുകള്‍ സഹായിക്കും


സന്ധികളിലും തരുണാസ്ഥികള്‍ക്കു ചുറ്റുമായി സ്വാഭാവികമായി കാണപ്പെടുന്ന സംയുക്തമാണ്‌ ഗ്ലൂക്കോസാമിന്‍. അവ ഗുളിക രൂപത്തിലും മറ്റും സപ്ലിമെന്റായി കഴിക്കുന്നത്‌ സന്ധികള്‍ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമെന്നാണ്‌ രോഗികള്‍ കരുതുന്നത്‌. എന്നാല്‍, അവ ഉള്ളില്‍ കഴിക്കുന്നതുകൊണ്ട്‌ സന്ധികളിലെത്തുകയോ സന്ധികളെ പുനരുജ്ജീവിപ്പിക്കുന്നതിന്‌ സഹായിക്കുകയോ ഇല്ല.