Breaking News

Trending right now:
Description
 
Oct 12, 2017

വിദ്യാര്‍ഥികളെ ഒഴിവാക്കിയത്‌ മറ്റു സാംസ്‌ക്കാരിക ഘോഷയാത്രകള്‍ക്കും ബാധകമാക്കണം: ടിആര്‍എ

image ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പുതുക്കിയ മാര്‍ഗരേഖ അനുസരിച്ച്‌ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയുള്ള ഘോഷയാത്ര ഒഴിവാക്കിയത്‌ മറ്റെല്ലാ സാംസ്‌ക്കാരിക ഘോഷയാത്രകള്‍ക്കും ബാധകമാക്കണമെന്നു തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടിആര്‍എ) പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു. ഘോഷയാത്ര ഒഴിവാക്കി ഉദ്‌ഘാടന വേദിക്കു സമീപം സാംസാക്കാരിക ദൃശ്യവിസ്‌മയം സംഘടിപ്പിക്കാവുന്നതാണെന്നുള്ള നിര്‍ദേശം സ്വാഗതാര്‍ഹവുമാണ്‌.
റോഡില്‍ ഗതാഗതക്കുരുക്കുണ്ടാക്കുന്ന എല്ലാ ഘോഷയാത്രകളും അവസാനിപ്പിക്കണമെന്ന ആവശ്യത്തിനു അനേക വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ചുരുക്കം ചില സ്ഥാപിത താത്‌പര്യക്കാരുടെ പിടിവാശിയാണ്‌ ഘോഷയാത്രകള്‍ക്കു കാരണമാകുന്നത്‌. വിദ്യാര്‍ഥികളെ വേഷം കെട്ടിച്ചു നിരത്തിലിറക്കി പ്രദര്‍ശനം നടത്തുന്നതില്‍ ബഹുഭൂരിപക്ഷം മാതാപിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും താത്‌പര്യമില്ല. ഘോഷയാത്ര വേളയില്‍ പലരും തളര്‍ന്നു വീഴുന്നു. തുടരെയുള്ള വെയില്‍ ബഹുഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും അസ്വസ്ഥതകളും ഉണ്ടാക്കും. സാംസ്‌കാരിക ഘോഷയാത്രയില്‍ എതിര്‍പ്പ്‌ ഉള്ളിലൊതുക്കിയാണ്‌ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുക്കുന്നതുതന്നെ.
അസൗകര്യങ്ങളും ബുദ്ധിമുട്ടും ഏറെ ചൂണ്ടിക്കാട്ടിയിട്ടും ആലപ്പുഴയില്‍ നടത്താറുള്ള നെഹ്‌റു ട്രോഫി വള്ളം കളി, കയര്‍ കേരള മേള, വിവിധ മത്സരങ്ങള്‍, സമ്മേളനങ്ങള്‍ തുടങ്ങിയവയോട്‌ അനുബന്ധിച്ചുള്ള ഘോഷയാത്രകളില്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കുകയാണ്‌ പതിവ്‌. പരാതിക്കു പരിഹാരം കാണേണ്ട ഭരണാധികാരികള്‍ നടത്തിപ്പുകാരും കൊടിവീശി ഉദ്‌ഘാടനം ചെയ്യുന്നവരും മുന്നില്‍ നിരന്നു നില്‌ക്കുന്നവരും ആയതിനാല്‍ ആവശ്യം വനരോദനമായി മാറിയിരിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ പരസ്യപ്രചാരണത്തിന്റെ ഭാഗമായി റോഡിലിറക്കി വഴിമുടക്കുന്ന ഘോഷയാത്രകള്‍ നടത്തരുതെന്നു നിര്‍ദേശം നല്‌കണമെന്നാവശ്യപ്പെട്ടു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അടക്കമുള്ളവര്‍ക്കു ടി.ആര്‍.എ നിവേദനം നല്‌കിയിരുന്നു.