Breaking News

Trending right now:
Description
 
Oct 12, 2017

ജീവിതം നടനവിസ്‌മയമാക്കിയ കലാമണ്ഡലം ക്ഷേമാവതി

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image അന്‍പത്‌ വര്‍ഷമായി നൃത്തരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ സ്വദേശി കലാമണ്ഡലം ക്ഷേമാവതി ടീച്ചര്‍ക്ക്‌ നൃത്തത്തോടും കുടുംബത്തോടുമാണ്‌ ഏറ്റവും പ്രണയം. അരങ്ങിലും കളരിയിലും അരനൂറ്റാണ്ട്‌ പൂര്‍ത്തിയാക്കിയതിന്റെ ധന്യതയിലാണ്‌ വിശ്വപ്രശസ്‌ത നര്‍ത്തകി. ക്ഷേമാവതിയുടെ കലാജീവിതത്തിലെ വഴിത്തിരിവായത്‌ പതിനൊന്നാം വയസില്‍ കലാമണ്ഡലത്തില്‍ പ്രവേശനം ലഭിച്ചതാണ്‌. തോട്ടശേരി ചിന്നമ്മു അമ്മയും കലാമണ്ഡലം സത്യഭാമയുമാണ്‌ ആദ്യകാല ഗുരുക്കള്‍. തുടര്‍ന്ന്‌ പ്രമുഖരായ അനേകം ഗുരുക്കന്മാരില്‍നിന്നു ക്ഷേമാവതി വിവിധ നൃത്തരൂപങ്ങള്‍ അഭ്യസിച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളിലെ പ്രധാനവേദികളില്‍ അവര്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്‌. മോഹനിയാട്ടത്തെ ജനകീയമാക്കുന്നതില്‍ ക്ഷേമാവതിവഹിച്ച പങ്ക്‌ വളരെവലുതാണ്‌. മോഹിനിയാട്ടം പോലുള്ള ക്ലാസിക്ക്‌ കലകളില്‍ ആസ്വാദകരുടെ എണ്ണം കുറവാണ്‌. ആസ്വാദകസമൂഹത്തെ കൂടുതലായി നിലനിര്‍ത്തണമെങ്കില്‍ പാരമ്പര്യം നഷ്ടപ്പെടുത്താതെ അതില്‍തന്നെ പരീക്ഷണങ്ങള്‍ നടത്തി മോഹിനിയാട്ടത്തെ മുന്നോട്ടു കൊണ്ടുപോകണമെന്നും ക്ഷേമാവതി പറയുന്നു. 79-80 കാലഘട്ടത്തിലാണ്‌ ടീച്ചര്‍ മോഹനിയാട്ടത്തില്‍ കൂടുതലായി ശ്രദ്ധകേന്ദ്രീകരിച്ചത്‌. 1975-ല്‍ സംഗീതനാടക അക്കാദമി ഭരതനാട്യത്തിനു അവാര്‍ഡ്‌ നല്‍കി ആദരിച്ചു. 93-ല്‍ മോഹിനിയാട്ടത്തിന്‌ കലാമണ്ഡലം അവാര്‍ഡ്‌, 99ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്‌, 2008ല്‍ സംസ്ഥാന സര്‍ക്കാരിന്റെ നൃത്തനാട്യ പുരസ്‌കാരം ക്ഷേമാവതിയെ തേടിയെത്തി. നൃത്തരംഗത്തെ പ്രവര്‍ത്തനങ്ങളെ മാനിച്ചു ഭാരതസര്‍ക്കാര്‍ 2011-ല്‍ പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു. അന്തരിച്ച പ്രശസ്‌ത സംവിധായകന്‍ പവിത്രന്‍ ആണ്‌ ക്ഷേമാവതിയുടെ ഭര്‍ത്താവ്‌. ചലച്ചിത്രനടി ഇവ പവിത്രന്‍, ലക്ഷ്‌മി എന്നിവരാണ്‌ മക്കള്‍. 1948 ജൂണ്‍ 10ന്‌ സുകുമാരന്‍-കാര്‍ത്യായനി ദമ്പതികളുടെ മൂന്നുമക്കളില്‍ രണ്ടാമത്തെ മകളായി ജനിച്ച ക്ഷേമാവാതി ഇന്ത്യയ്‌ക്ക്‌ അകത്തും പുറത്തും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.