Breaking News

Trending right now:
Description
 
Jan 27, 2013

ഡ്രീംലൈനര്‍ വിമാനങ്ങള്‍ ഫെബ്രുവരി 17 വരെ പറക്കില്ല

image ന്യൂഡല്‍ഹി: ഏറെ പ്രതീക്ഷയോടെ എയര്‍ ഇന്ത്യ സ്വന്തമാക്കിയ ബോയിംഗ്‌ 787 ഡ്രീംലൈനര്‍ വിമാനങ്ങള്‍ ഫെബ്രുവരി 17 വരെ പറക്കില്ല. ഈ മാസം പതിനേഴിനാണ്‌ സാങ്കേതിക തകരാറിനെ തുടര്‍ന്ന്‌ ഡ്രീംലൈനര്‍ വിമാനങ്ങളുടെ സര്‍വീസ്‌ താത്‌കാലികമായി നിര്‍ത്തിയത്‌. ഡ്രീംലൈനര്‍ ഇനത്തില്‍പ്പെട്ട 50 വിമാനങ്ങളാണ്‌ നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി ബോയിംഗ്‌ പുറത്തിറക്കിയിട്ടുള്ളത്‌. ഇതില്‍ ആറെണ്ണമാണ്‌ എയര്‍ ഇന്ത്യ വാങ്ങിയത്‌. സാങ്കേതിക തകരാര്‍ സംബന്ധിച്ച ബോയിംഗിന്റെ പരിശോധനകള്‍ പൂര്‍ത്തിയായ ശേഷമെ ഇനി ഡ്രീംലൈനര്‍ വിമാനങ്ങളുടെ സര്‍വീസ്‌ പുനരാരംഭിക്കൂവെന്നും പരിശോധനാഫലം വൈകുന്നതാണ്‌ സര്‍വീസ്‌ നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം നീളാന്‍ കാരണമെന്നും അധികൃതര്‍ വ്യക്തമാക്കി. 
 
ഡ്രീംലൈനര്‍ വിമാനം സ്വന്തമാക്കിയ ജാപ്പനീസ്‌ വിമാനക്കമ്പനി `നിപ്പോണ്‍ എയര്‍' തങ്ങളുടെ ഒരു വിമാനത്തിലെ ബാറ്ററിയില്‍നിന്ന്‌ കരിഞ്ഞ ഗന്ധം വരുന്നതായി കണ്ടെത്തിയിരുന്നു. കൂടുതല്‍ കാര്യക്ഷമതയ്‌ക്കായി ഉപയോഗിച്ച ലിഥിയം ബാറ്ററിയാണ്‌ കുഴപ്പം സൃഷ്ടിച്ചത്‌. കാര്യക്ഷമത വര്‍ധിക്കുമെങ്കിലും തീപിടിക്കാനുള്ള സാധ്യതയും ഇവയ്‌ക്ക്‌ കൂടുതലാണ്‌. മൊബൈല്‍ ഫോണുകളില്‍ പൊട്ടിത്തെറിച്ചത്‌ ഇത്തരം ബാറ്ററികളായിരുന്നു. ഇതേ ത്തുടര്‍ന്ന്‌ അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്‌ട്രേഷന്‍ വിമാനങ്ങള്‍ മുഴുവന്‍ നിലത്തിറക്കാന്‍ ഉത്തരവിട്ടു. തുടര്‍ന്നാണ്‌ ഇന്ത്യയില്‍ ഡി.ജി.സി.എ എയര്‍ ഇന്ത്യയോട്‌ അവരുടെ വിമാനങ്ങളും നിലത്തിറക്കാന്‍ ആവശ്യപ്പെട്ടത്‌. ഇന്ധനക്ഷമതയും ശബ്ദക്കുറവും പ്രത്യേകതരം ജനലുകളും ചരക്കുവഹിക്കാനുള്ള ശേഷിയുമാണ്‌ എയര്‍ഇന്ത്യയെ ഈ വിമാനങ്ങളിലേക്ക്‌ ആകര്‍ഷിച്ചിരുന്നത്‌. നിലവില്‍ പാരീസ്‌, ന്യൂയോര്‍ക്ക്‌ മേഖലകളിലേക്കും ആഭ്യന്തര സെക്ടറുകളിലുമാണ്‌ എയര്‍ഇന്ത്യ ഇവ ഉപയോഗിച്ചിരുന്നത്‌.