Breaking News

Trending right now:
Description
 
Oct 12, 2017

സോളാറില്‍ യുഡിഎഫ്‌ കുലുങ്ങി; നേതാക്കള്‍ കോടതിയിലേക്ക്‌

image യുഡിഎഫിനെ പിടിച്ചുകുലുക്കിയ സോളാര്‍ തട്ടിപ്പുകേസില്‍ കോടതിയെ സമീപിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ തീരുമാനിച്ചു. സോളാര്‍ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കാനാണ്‌ ആലോചിക്കുന്നത്‌. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൂര്‍ണമായും മനസിലാക്കിയാല്‍ മാത്രമേ നിയമപരമായി മുന്നോട്ടുപോകാന്‍ സാധിക്കൂ. അതിനാലാണ്‌ റിപ്പോര്‍ട്ടിലെ പകര്‍പ്പു ലഭിക്കാന്‍ ആരോപണവിധേയരായ നേതാക്കള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്‌. നേതാക്കള്‍ക്കെതിരായ ആരോപണങ്ങളെ പ്രതിരോധിക്കുന്നതുസംബന്ധിച്ച്‌ ആലോചിക്കാന്‍ കെപിസിസി രാഷ്ട്രീയകാര്യ സമതിയും ചേരും. പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ഡല്‍ഹിയില്‍ ഇന്നു കേന്ദ്രനേതാക്കളെ കണ്ട്‌ പ്രശ്‌നം ചര്‍ച്ച ചെയ്യും. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയേയും ചെന്നിത്തല കാണുന്നുണ്ട്‌. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ടു പണം കൈപ്പറ്റിയെന്നും പൊലീസ്‌ മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ മുഖ്യമന്ത്രിയെ ക്രിമിനല്‍കേസില്‍നിന്നു രക്ഷിക്കാന്‍ ശ്രമിച്ചുവെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതിനാലാണ്‌ അവര്‍ അടക്കം യുഡിഎഫ്‌ നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്‌.

ഉമ്മന്‍ചാണ്ടി, നാലു മുന്‍ മന്ത്രിമാര്‍, പ്രമുഖ നേതാക്കള്‍, പൊലീസ്‌ ഉദ്യോഗസ്ഥര്‍ എന്നിവരടക്കം മറ്റ്‌ 21 പേര്‍ക്കെതിരെ ക്രിമിനല്‍, വിജിലന്‍സ്‌ കേസ്‌ നടപടികള്‍ക്കാണ്‌ മന്ത്രിസഭയുടെ തീരുമാനം. ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ്‌, ക്രിമിനല്‍ കേസുണ്ടാകും. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കുന്നത്‌ ഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും. ഉമ്മന്‍ചാണ്ടിയെ കൂടാതെ മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, ആര്യാടന്‍ മുഹമ്മദ്‌, അടൂര്‍ പ്രകാശ്‌, എ.പി.അനില്‍കുമാര്‍, എം.പി.മാരായ ജോസ്‌ കെ.മാണി, കെ.സി.വേണുഗോപാല്‍, ഹൈബി ഈഡന്‍ എംഎല്‍എ, മുന്‍ കേന്ദ്രമന്ത്രി പളനി മാണിക്യം, മുന്‍ എംഎല്‍എമാരായ തമ്പാനൂര്‍ രവി, ബെന്നി ബെഹനാന്‍, എ.പി.അബ്ദുല്ലക്കുട്ടി, കെപിസിസി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യന്‍, പാണക്കാട്‌ ബഷീറലി തങ്ങള്‍, ഡിജിപി എ.ഹേമചന്ദ്രന്‍, എഡിജിപി കെ.പദ്‌മകുമാര്‍, ഐജി എം.ആര്‍.അജിത്‌കുമാര്‍, സോളാര്‍ കേസ്‌ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്‌പി കെ.ഹരികൃഷ്‌ണന്‍, പൊലീസ്‌ അസോസിയേഷന്‍ മുന്‍ സംസ്ഥാന സെക്രട്ടറി ജി.ആര്‍.അജിത്‌, ഉമ്മന്‍ചാണ്ടിയുടെ പഴ്‌സനല്‍ സ്റ്റാഫ്‌ അംഗങ്ങളായിരുന്ന ടെനി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്‌, ഗണ്‍മാന്‍ സലിംരാജ്‌ എന്നിവര്‍ക്കെതിരെയാണ്‌ അന്വേഷണം.