Breaking News

Trending right now:
Description
 
Oct 11, 2017

ലോകത്തെ ഏറ്റവും ശക്തമായ ആയുധമാണ്‌ മാധ്യമങ്ങള്‍: സ്‌പീക്കര്‍ പി.രാമകൃഷ്‌ണന്‍

image ഫിലഡല്‍ഫിയ: ലോകത്തിലെ ഏറ്റവും ശക്തമായ ആയുധമാണ്‌ മാധ്യമങ്ങളെന്ന്‌ കേരള നിയമസഭാ സ്‌പീക്കര്‍ പി.രാമകൃഷ്‌ണന്‍ പറഞ്ഞു. ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) നാലാമത്‌ രാജ്യാന്തര മാധ്യമ സമ്മേളനം ഫിലഡല്‍ഫിയയിലെ റാഡിസണ്‍ ഹോട്ടല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്രമാധ്യമരംഗത്ത്‌ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ പ്രവര്‍ത്തിക്കുന്നതും അതിന്‌ സംഘടനകള്‍ ഉള്ളതും അമേരിക്കയിലാണ്‌. ഇന്ത്യയുടെ സംസ്‌കാരം വളരെ വിപുലവും വൈവിധ്യം നിറഞ്ഞതുമാണ്‌. രാജ്യത്തിന്റെ സംസ്‌കാരം സംരക്ഷിക്കാന്‍ നാം തയാറാകണം. സാംസ്‌കാരിക മറവിരോഗമാണ്‌ സമൂഹത്തിലെ ഏറ്റവും വലിയ ദുരന്തമെന്നും പി.രാമകൃഷ്‌ണന്‍ പറഞ്ഞു. കഠിനാധ്വാനം ചെയ്യാന്‍ തയാറാകുന്നവര്‍ക്കെല്ലാം എല്ലാം നല്‍കുന്ന രാജ്യമാണ്‌ അമേരിക്കയെന്ന്‌ ചടങ്ങില്‍ അധ്യക്ഷതവഹിച്ച ഐഎപിസി ചെയര്‍മാന്‍ ബാബു സ്റ്റീഫന്‍ പറഞ്ഞു. ഐഎപിസി വളര്‍ച്ചയുടെ ഘട്ടത്തിലാണെന്നും നാലുവര്‍ഷംകൊണ്ട്‌ നിരവധി കാര്യങ്ങള്‍ സമൂഹത്തിന്‌ ചെയ്യാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂജേഴ്‌സി കൗണ്‍സില്‍ സ്റ്റര്‍ലി സ്റ്റാന്‍ലി, സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്‌ മോന്‍ പി.സക്കറിയ, ദീപിക ചെയര്‍മാന്‍ ഫ്രാന്‍സിസ്‌ ക്ലീറ്റസ്‌, ഐഎപിസി ഡയറക്ടര്‍ സുനില്‍ ജോസഫ്‌ കൂഴമ്പാല, മീഡിയവണ്‍ ചീഫ്‌ എഡിറ്റര്‍ സി.എല്‍.തോമസ്‌, കെപിസിസി മീഡിയാ കോ ഓര്‍ഡിനേറ്റര്‍ പി.ടി.ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.