Breaking News

Trending right now:
Description
 
Oct 09, 2017

വേദനയകറ്റാന്‍ വേറിട്ട്‌ മാര്‍ഗവുമായി മലയാളി ഡോക്ടര്‍

image വേദനസംഹാരികളായ ഓപ്പിയോയിഡ്‌ മരുന്നുകളുടെയും മറ്റു പ്രിസ്‌ക്രിപ്‌ഷന്‍ മരുന്നുകളുടെയും ഉപയോഗവും ദുരുപയോഗവും പ്രതിസന്ധി നേരിടുമ്പോള്‍ അതിനെ ഭാഗികമായെങ്കിലും നേരിടാന്‍ ഫലപ്രദമായ ചികിത്സാ രീതികളുമായി മലയാളി ഡോക്ടര്‍ റൂഡി മലയില്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്രദ്ധനേടുന്നു. വെസ്‌റ്റ്‌ വെര്‍ജീനയയിലെ ഹണ്ടിംഗ്‌ടണ്‍ സെന്റ്‌ മേരീസ്‌ റീജനല്‍ സ്‌പൈന്‍ സെന്ററിലെ പെയിന്‍ റിലീഫ്‌ സ്‌പെഷ്യലിസ്റ്റായ ഡോ.റൂഡി മലയില്‍ ഡിആര്‍ജി (Dorsal Root Ganglion Therapy) എന്ന ചികിത്സാ സംവിധാനത്തിനായി അമേരിക്കയിലാകമാനം പ്രത്യേകം പരിശീലനം ലഭിച്ച 400 ഓളം ഡോക്ടര്‍മാരില്‍ ഒരാളാണ്‌. ഈ ചികിത്സാവഴി ക്രോണിക്‌ പെയിന്‍ അനുഭവിക്കുന്ന രോഗികള്‍ക്ക്‌ ഓപ്പിയോയിഡുകളും വേദനസംഹാരികളായ പ്രിസ്‌ക്രിപ്‌ഷന്‍ മരുന്നുകളും ഉപയോഗിക്കാതെതന്നെ സാധാരണ ജീവിതം നയിക്കാന്‍ ഈ ന്യൂതന ചികിത്സാ രീതി സഹായിക്കുന്നുവെന്നത്‌ ശ്രദ്ധയില്‍പെട്ടതുമൂലമാണ്‌ വെസ്റ്റ്‌ വെര്‍ജീനയയിലെ ഡബ്ല്യുഎസ്‌എഇസഡ്‌ (wsaz) ചാനല്‍ 3 ന്യൂസ്‌ ടെലിവിഷന്‍ ഡോ.റൂഡി മലയിലിന്റെ സേവനങ്ങളെ ജനങ്ങളിലെത്തിക്കാന്‍ മുന്നോട്ടുവന്നത്‌.

പത്തുവര്‍ഷത്തിലധികമായി വേദനസംഹാരികളുടെ അടിമയായി ജീവിതംവഴിമുട്ടിനിന്ന കേര എന്ന യുവതി തന്റെ അനുഭവം പങ്കുവയ്‌ക്കുന്നു. ഡോ.റൂഡിയുടെ ചികിത്സ തന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായെന്നും തന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു ഹീറോ ആണെന്നുമാണ്‌ അവര്‍ പറയുന്നത്‌. ഇപ്പോള്‍ തനിക്ക്‌ സാധാരണ ജീവിതം നയിക്കാനും ജോലിചെയ്യാനും സാധിക്കുന്നുവെന്നും ഇതു സാധ്യമാക്കിയത്‌ ഈ ചികിത്സയാണെന്നും കേര സാക്ഷ്യപ്പെടുത്തുന്നു. മരുന്നുകളുടെയോ ഇലക്ട്രിക്കല്‍ വൈദ്യുത സ്‌ഫുരണത്തിന്റെയോ സഹായത്തോടെ സ്‌പൈനല്‍ കോര്‍ഡിലെ സബ്‌ഡ്യൂറല്‍ പ്രതലവുമായി ബന്ധിപ്പിക്കുന്ന സബ്‌ഡെര്‍മെല്‍ ഇംപ്ലാന്റ്‌ വഴി നട്ടെല്ലിന്റെ നാഡികളെ ഉത്തേജിപ്പിക്കുകയാണ്‌ ചികിത്സയുടെ പ്രത്യേകത. അമേരിക്കയില്‍ ഇത്തരം ദുരുപയോഗംമൂലം 2015-ല്‍ 33000 ആളുകള്‍ മരിച്ചു. വെടിയേറ്റു മരിച്ച ആളുകളുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്‌. 2016-ല്‍ ഓപ്പിയോയിഡുകളുമായി ബന്ധപ്പെട്ട്‌ മരിച്ചവരുടെ എണ്ണം 59,000നും 65000നും ഇടയ്‌ക്കായിരുന്നു. അമേരിക്കന്‍ സര്‍ജന്‍ ജനറലിന്റെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ 2016-ല്‍ ഓപ്പിയോയിഡ്‌ വേദനസംഹാരികളുടെ ഉപയോക്താക്കളില്‍ പത്തുശതമാനം മാത്രമാണ്‌ ഇതില്‍നിന്നു മോചനം പ്രാപിക്കാനുള്ള സ്‌പെഷ്യാലിറ്റി ട്രീറ്റ്‌മെന്റിന്‌ വിധേയരായത്‌.

ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ്‌ ലെബാനോന്‍ ആശുപത്രിയില്‍ ജോലിയുള്ള മാത്യു മലയിലിന്റെയും അന്നമ്മ മലയിലിന്റെയും മകനാണ്‌ റൂഡി. പ്രാഥമിക മെഡിക്കല്‍ വിദ്യാഭ്യാസത്തിനുശേഷം റൂഡി ന്യൂയോര്‍ക്ക്‌ സിറ്റിയിലെ കോര്‍ണേല്‍ മെഡിക്കല്‍ സെന്ററില്‍ സര്‍ജനായി പരിശീലനം നേടി. തുടര്‍ന്ന്‌ ന്യൂയോര്‍ക്ക്‌ യൂണിവേഴ്‌സിറ്റിയുടെ ലാന്‍ഗോണ്‍ മെഡിക്കല്‍ സെന്ററില്‍നിന്നും ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ്‌ റിഹാബിലിന്റേഷനില്‍ റെസിഡന്‍സി പൂര്‍ത്തിയാക്കി. ബെത്ത്‌ ഇസ്രായേല്‍ മെഡിക്കല്‍സെന്ററില്‍നിന്ന്‌ പെയിന്‍ മാനേജ്‌മെന്റ്‌ സ്‌പെഷ്യലൈസ്‌ ചെയ്‌ത്‌ ഉപരിപഠനം പൂര്‍ത്തിയാക്കി. വാഷിങ്‌ടണ്‍ ഡിസിയിലെ ഒരു ഗ്രൂപ്പുമായി ചേര്‍ന്ന്‌ ജോലിയാരംഭിച്ച ഡോ.റൂഡി ഇപ്പോള്‍ വെസ്‌റ്റ്‌ വെര്‍ജീനയയിലെ ഹണ്ടിംഗ്‌ടണ്‍ സെന്റ്‌ മേരീസ്‌ റീജനല്‍ സ്‌പൈന്‍ സെന്ററിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ്‌ റിഹാബിലിറ്റേഷന്‍ വിഭാഗത്തില്‍ ചീഫ്‌ ഫിസിഷ്യനായി സേവനമനുഷ്‌ഠിക്കുന്നു. ഭാര്യ: സ്റ്റെയ്‌സി. മക്കള്‍: റയന്‍, ജേക്കബ്‌.