Breaking News

Trending right now:
Description
 
Oct 09, 2017

മതസൗഹാര്‍ദ്ദത്തില്‍ കേരളത്തിന്റെ പാരമ്പര്യം ഉജ്വലമെന്ന്‌ രാഷ്ട്രപതി

image മതസൗഹാര്‍ദ്ദത്തിലും ആധ്യാത്മിക പാരമ്പര്യത്തിലും കേരളത്തിന്റെ പാരമ്പര്യം ഉജ്വലമാണെന്നു രാഷ്ട്രപതി റാം നാഥ്‌ കോവിന്ദ്‌ വ്യക്തമാക്കി. മാതാ അമൃതാനന്ദമിയുടെ അറുപത്തിനാലാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി അമൃതാനന്ദമയിമഠം നടപ്പാക്കുന്ന മൂന്നു സേവനപദ്ധതികള്‍ രാജ്യത്തിനു സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗങ്ങള്‍ക്കും ഇവിടെ തുല്യ പരിഗണന കല്‍പിക്കപ്പെട്ടതു മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃകയാണ്‌. ക്രൈസ്‌തവര്‍ ഇന്ത്യയില്‍ ആദ്യമായി എത്തിയത്‌ കേരളത്തിലാണ്‌. ആദ്യ മുസ്ലീം പള്ളിയും കേരളത്തിലാണ്‌ ഉണ്ടായത്‌. ജൂതരും റോമാക്കാരും ഒക്കെ കേരളത്തിലെത്തി. പരസ്‌പര ധാരണയോടെ സഹവര്‍ത്തിത്തത്തോടെ ഓരോരുത്തരുടെയും വിശ്വാസത്തെ ആദരിച്ചു ജീവിച്ചു. ഈ പാരമ്പര്യം തികച്ചും അഭിമാനാര്‍ഹമാണ്‌. ശ്രീശങ്കരാചാര്യരും ശ്രീനാരായണഗുരുവും അയ്യന്‍കാളിയുമൊക്കെ ആധ്യാത്മികതയിലധിഷ്‌ഠിതമായ സാമൂഹിക പരിഷ്‌കരണത്തിന്‌ ഊന്നല്‍ നല്‍കി. അതോടൊപ്പം രാജ്യത്തെ ഒന്നായി നിലനിര്‍ത്താനും ബദ്ധശ്രദ്ധരായി. ഈആധ്യാത്മിക പാരമ്പര്യത്തിന്റെ പ്രതിനിധിയും തുടര്‍ച്ചയുമാണ്‌ അമ്മ എന്നറിയപ്പെടുന്ന മാതാ അമൃതാനന്ദമയിയെന്ന്‌ രാഷ്ട്രപതി ചൂണ്ടിക്കാട്ടി. 

മികച്ച സമൂഹം ഉണ്ടായാലേ ഐശ്വര്യസമ്പൂര്‍ണ്ണമായ രാഷ്ട്രമുണ്ടാകൂ. മാതാ അമൃതാനന്ദമയി മഠം നടത്തുന്ന ഇത്തരം സംരംഭങ്ങള്‍ ഈ ദിശയിലുള്ളതാണെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ 5000 ഗ്രാമങ്ങളില്‍ ശുദ്ധജലം ലഭ്യമാക്കാന്‍ 100 കോടി രൂപ ചെലവഴിച്ചു നടപ്പാക്കുന്ന ജീവാമൃതം പദ്ധതിക്കു രാഷ്ട്രപതി തുടക്കം കുറിച്ചു. രാജ്യത്തെ 12 ഗ്രാമങ്ങള്‍ വെളിയിട വിസര്‍ജ്യ വിമുക്ത ഗ്രാമങ്ങളായി പ്രഖ്യാപിച്ചു. 1940 പേര്‍ക്കു സൗജന്യ ശസ്‌ത്രക്രിയയ്‌ക്കുള്ള സാക്ഷ്യപത്രങ്ങളും വിതരണം ചെയ്‌തു. രാഷ്ട്രപതിയായശേഷം ആദ്യമായിട്ടാണ്‌ റാം നാഥ്‌ കോവിന്ദ്‌ കേരളത്തിലെത്തുന്നത്‌.