Oct 08, 2017
ബെംഗളൂരു സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടി കുറ്റവിമുക്തന്‍
സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സഹായം വാഗ്ദാനം ചെയ്തു വഞ്ചിച്ചെന്ന
കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ്
സെഷന്‍സ് കോടതി പ്രതിപ്പട്ടികയില്‍നിന്നു ഒഴിവാക്കി. കേസില്‍നിന്ന്
ഒഴിവാക്കണമെന്നു ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ്
കോടതിയുടെ നിര്‍ണായകവിധി. ഉമ്മന്‍ചാണ്ടി നേരിട്ടു പണം വാങ്ങിയതായി
പരാതിക്കാരനായ വ്യവസായി എം.കെ.കുരുവിളയുടെ ഹര്‍ജിയില്‍
ആരോപിച്ചിട്ടില്ലെന്നു ജസ്റ്റീസ് പാട്ടീല്‍ മോഹന്‍കുമാര്‍ ചൂണ്ടിക്കാട്ടി.
സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം നല്കി
കൊച്ചിയിലെ സ്കോസ എഡ്യുക്കേഷനല്‍ കള്‍സള്‍ട്ടന്‍സി 1.35 കോടി രൂപ
തട്ടിയെന്നായിരുന്നു കുരുവിളയുടെ പരാതി. കേസിലെ ആറാം പ്രതിയായിരുന്നു
ഉമ്മന്‍ചാണ്ടി. മറ്റ് അഞ്ചു പ്രതികള്‍ക്കെതിരായ കേസ് തുടരും.
ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ആറു പ്രതികളും കൂടി 1.61 കോടി രൂപ
തിരിച്ചുനല്‍കാന്‍ 2016 ഒക്ടോബര്‍ 24ന് ഇതേ കോടതി ഉത്തരവിട്ടിരുന്നു.
തന്റെ ഭാഗം കേള്‍ക്കാതെയുള്ള ഏകപക്ഷീയ വിധി റദ്ദാക്കണമെന്ന
ഉമ്മന്‍ചാണ്ടിയുടെ ആവശ്യം കോടതി പിന്നീട് അംഗീകരിക്കുകയായിരുന്നു. കുരവിള
നല്കിയ പരാതിയില്‍ താന്‍ നേരിട്ടു കൈക്കൂലി വാങ്ങിയതായി ആരോപണം
ഉന്നയിച്ചിട്ടില്ലെന്നും പ്രതിപ്പട്ടികയില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നും
ആവശ്യപ്പെട്ട് ജൂലൈ പത്തിനാണ് ഉമ്മന്‍ചാണ്ടി ഹര്‍ജി സമര്‍പ്പിച്ചത്.
ഉമ്മന്‍ചാണ്ടിയും കുരുവിളയും നേരിട്ടു പണമിടപാട് നടത്തിയെന്നതിന്
തെളിവില്ലെന്നും അദ്ദേഹത്തിനെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍
പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.