Breaking News

Trending right now:
Description
 
Oct 07, 2017

കയര്‍ കേരള പരസ്യം: ഫ്‌ളെക്‌സില്‍ നിന്നു കയറിലേക്കുള്ള മാറ്റം സ്വാഗതാര്‍ഹം

image ആലപ്പുഴയില്‍ കയര്‍-പ്രകൃതിദത്ത നാരുത്‌പന്നങ്ങളുടെ രാജ്യാന്തര പ്രദര്‍ശന വില്‍പനമേളയായ കയര്‍ കേരള തുടങ്ങിയപ്പോള്‍ മുതല്‍ ആവശ്യപ്പെട്ടിരുന്ന ഒരു കാര്യമാണ്‌ പരസ്യത്തിനു ഫ്‌ളെക്‌സിനു പകരം പ്രകൃതി സൗഹൃദപരമായ കയറുത്‌പന്നങ്ങള്‍ കഴിയുന്നത്ര ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നുള്ളത്‌. ഇപ്രാവശ്യം ഫ്‌ളെക്‌സ്‌ ബോര്‍ഡുകളോടൊപ്പം കയര്‍പായയില്‍ മുദ്രണം ചെയ്‌ത ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്‌. ഇക്കാര്യം ഏഴാം വാര്‍ഷികമായപ്പോള്‍ എങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിട്ടത്‌ നല്ല കാര്യം. കയര്‍മേഖലയ്‌ക്ക്‌ ഉണര്‍വുണ്ടാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന പരിപാടിയായതിനാല്‍ ഇതിനേറെ പ്രസക്തിയുണ്ട്‌.

കയര്‍ ഉത്‌പന്നങ്ങള്‍ക്കു പകരം വ്യാപകമായി ഫ്‌ളെക്‌സ്‌ ബോര്‍ഡുകള്‍ പരസ്യത്തിനായി ഉപയോഗിക്കുന്നതു സംബന്ധിച്ച്‌ ആദ്യമായി പരാതി നല്‍കിയത്‌ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കാണ്‌. 2012 ഫെബ്രുവരി 4-9-നു നടന്ന മേളയോടനുബന്ധിച്ചാണ്‌ നല്‍കിയത്‌. തുടര്‍ന്നും വരും വര്‍ഷങ്ങളിലും ഓര്‍മ്മപ്പെടുത്തലുകള്‍ അയച്ചു. മണ്ണില്‍ അലിഞ്ഞുചേരുന്ന കയറു പോലെയുള്ള പരിസ്ഥിതി സൗഹൃദ സ്വാഭാവിക നാരുകളെ പ്രോത്സാഹിപ്പിക്കാനുള്ള കയര്‍ കേരള രാജ്യാന്തരമേളയുടെ പരസ്യ മാധ്യമങ്ങളെക്കുറിച്ചുള്ള പരാതിയില്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന്‌ തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ദ്രവിക്കാതെ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന ഫ്‌ളെക്‌സ്‌ ബോര്‍ഡുകള്‍ വ്യാപകമായി സ്ഥാപിച്ചിരുന്ന സാഹചര്യത്തിലായിരുന്നു അത്‌. കയര്‍ കേരള 2017 (ഒക്ടോബര്‍ 5-9, ഇഎംഎസ്‌ സ്‌റ്റേഡിയം, ആലപ്പുഴ) പ്രമാണിച്ച്‌ കിടങ്ങാംപറമ്പ്‌ റോഡില്‍ സ്ഥാപിച്ചിട്ടുള്ള കയര്‍ പായയില്‍ തയാറാക്കിയ പരസ്യ ബോര്‍ഡുകളിലൊന്നാണ്‌ ചിത്രത്തില്‍.