Breaking News

Trending right now:
Description
 
Oct 07, 2017

രണ്ടുലക്ഷം രൂപയ്‌ക്കുവരെ സ്വര്‍ണം വാങ്ങാം; പാന്‍കാര്‍ഡ്‌ വേണ്ട

image രണ്ടുലക്ഷം രൂപയ്‌ക്കുവരെ സ്വര്‍ണം വാങ്ങുന്നതിന്‌ ഇനി പാര്‍കാര്‍ഡ്‌ ഹാജരാക്കേണ്ട. നിലവില്‍ 50,000 രൂപയായിരുന്നു പരിധി. സ്വര്‍ണവ്യാപാരികളെ കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയില്‍നിന്ന്‌ ഒഴിവാക്കിയതിനെ തുടര്‍ന്നാണ്‌ പുതിയ നടപടി. രണ്ടുലക്ഷം രൂപവരെ സ്വര്‍ണം വാങ്ങുന്നവരുടെ വിവരങ്ങള്‍ ധനകാര്യമന്ത്രാലയത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിനു നല്‍കണമെന്ന ബാധ്യതയും ഇതോടെ ്യാപാരികള്‍ക്ക്‌ ഒഴിവായിക്കിട്ടി. നോട്ട്‌ റദ്ദാക്കിയതിനുശേഷം സ്വര്‍ണക്കടകള്‍വഴി കള്ളപ്പണം വെളിപ്പിച്ചുവെന്ന സംശയമുണ്ടായതിനെ തുടര്‍ന്നാണ്‌ ഓഗസ്‌റ്റില്‍ സ്വര്‍ണവ്യാപാരികളെ പരിധിയില്‍ കൊണ്ടുവന്നത്‌. ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയുടെ അധ്യക്ഷതയില്‍ കൂടിയ ജിഎസ്‌ടി കൗണ്‍സില്‍ യോഗമാണ്‌ പുതിയ തീരുമാനമെടുത്തത്‌. റസ്റ്റോറന്റുകളുടെ നികുതി 18 ശതമാനത്തില്‍നിന്നു 12 ശതമാനം ആക്കണമെന്നു കൗണ്‍സിലില്‍ ഭൂരിപക്ഷാഭിപ്രായമുണ്ടായി. ഇതുസംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കാന്‍ ഉപസമിതിയെ നിയോഗിച്ചു. കയറിന്റെയും ബ്രാന്‍ഡ്‌ ചെയ്യാത്ത ആയൂര്‍വേദ ഉല്‍പന്നങ്ങളുടെയും നികുതി അഞ്ചുശതമാനമായി കുറച്ചു.

27 ഉത്‌പന്നങ്ങള്‍ക്ക്‌ നികുതി കുറച്ചതായി ധനമന്ത്രി വ്യക്തമാക്കി. മുനിസിപ്പാലിറ്റി പ്ലാസ്റ്റിക്‌ വേസ്റ്റിന്‌ നികുതിയില്ല. വിദേശത്തുനിന്നു കൊണ്ടുവരുന്ന 5000 രൂപവരെയുള്ള സമ്മാനങ്ങള്‍ക്കും നികുതി ഒഴിവാക്കി. റബര്‍ വേസ്റ്റിന്റെ നികുതി 18ല്‍നിന്നു അഞ്ചുശതമാനവും പേപ്പര്‍ വേസ്റ്റിന്റേത്‌ 12ല്‍നിന്ന്‌ അഞ്ചുശതമാനവുമായി കുറച്ചു. ചരക്ക്‌, സേവന നികുതി (ജിഎസ്‌ടി) സംവിധാനത്തില്‍ അനുമാന നികുതിക്കുള്ള വാര്‍ഷിക വിറ്റുവരവ്‌ പരിധി 75 ലക്ഷത്തില്‍നിന്നു ഒരുകോടി രൂപയാക്കി. ഒന്നരക്കോടിവരെ വിറ്റുവരവുള്ളവര്‍ റിട്ടേണും നികുതിത്തുകയും മൂന്നുമാസത്തിലൊരിക്കല്‍ നല്‍കിയാല്‍ മതി. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്‌ടിയില്‍ കൊണ്ടുവരണമെന്ന ആവശ്യം ഇന്നലെ ചേര്‍ന്ന യോഗം പരിഗണിച്ചില്ല. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി ആദ്യം കേന്ദ്രസര്‍ക്കാര്‍ കുറയ്‌ക്കണമെന്നും അതിനുശേഷം ജിഎസ്‌ടി പരിധിയില്‍ കൊണ്ടുവരുന്നത്‌ ആലോചിക്കാമെന്നാണ്‌ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ നിലപാട്‌.