Breaking News

Trending right now:
Description
 
Oct 05, 2017

ഹെല്‍മറ്റ്‌ വേട്ടയ്‌ക്കായുള്ള ഡിജിറ്റല്‍ നടപടിയും സംഘര്‍ഷം വളര്‍ത്തും: വീലേഴ്‌സ്‌ കേരള

image റോഡ്‌ അപകടങ്ങള്‍ ഒഴിവാക്കാനുള്ള അടിസ്ഥാന ഏര്‍പ്പാടുകള്‍ ചെയ്യാതെ മുഖ്യമായും ഹെല്‍മറ്റ്‌ ഇല്ലാതെ ഇരുചക്രവാഹനം ഓടിക്കുന്ന ആള്‍ക്കാരെ മാത്രം വേട്ടയാടാന്‍ പൊലീസ്‌ പുതുതായി നടപ്പിലാക്കാന്‍ പോകുന്ന രാത്രികാഴ്‌ചയുള്ള ക്യാമറകള്‍ അടക്കമുള്ള ഡിജിറ്റല്‍ ഏര്‍പ്പാട്‌ നിരത്തില്‍ നിലവിലുള്ള അശാന്തിയും സംഘര്‍ഷവും അസ്വസ്ഥതയും തുടര്‍ന്നും ഉണ്ടാക്കുമെന്നു വീലേഴ്‌സ്‌ കേരള. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ മാത്രമാണ്‌ റോഡ്‌ അപകടങ്ങള്‍ക്കു കാരണമെന്നുള്ള സൂചനയോടെ അക്കൂട്ടരെ മാത്രം ക്രിമിനലുകളെ എന്ന പോലെ സ്വമേധയാ വേട്ടയാടി ഉടനടി റോഡില്‍ വച്ചു തന്നെ ശിക്ഷ വിധിച്ച്‌ പിഴയീടാക്കിക്കൊണ്ടിരിക്കുകയാണ്‌. നാട്ടില്‍ ഇതുമാത്രമേയുള്ളു നിയമലംഘനം എന്ന രീതിയിലാണ്‌ സര്‍ക്കാരും പെരുമാറുന്നത്‌. വേറേ എന്തു കാര്യത്തിനായാലും രേഖാമൂലം പരാതിയില്ലാതെ പൊലീസ്‌ ഒരു തരത്തിലും അനങ്ങാത്ത നാടാണിത്‌.

മരണമോ പരിക്കോ ഒഴിവാക്കുമെന്നു ഒരു ഉറപ്പും നല്‌കാത്ത ഹെല്‍മറ്റ്‌ ധരിച്ചില്ലെങ്കില്‍ വഴി നീളെ പിഴയീടാക്കുന്നത്‌ പണപ്പിരിവ്‌ എന്ന ഒറ്റ ഉദേശ്യം ലക്ഷ്യമാക്കിയാണ്‌. ഹെല്‍മറ്റില്ലാത്തവരെ അവഹേളനാപാത്രങ്ങളാക്കി വെയിലത്തും മഴയത്തും നിര്‍ത്തുന്നതും പൊരിവെയിലത്തു കുനിച്ചുനിര്‍ത്തി ഇംപോസിഷന്‍ എഴുതിക്കുന്നതും ഹെല്‍മറ്റില്ലാത്തവര്‍ക്കു ഇന്ധനം നല്‌കരുതെന്നു ആവശ്യപ്പെടുന്നതും മറ്റും അതിന്റെ ഭാഗമാണ്‌. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരുടെ തലയിലാണ്‌ സര്‍ക്കാരിനു താത്‌പര്യമെങ്കില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വ്യാജഹെല്‍മറ്റുകള്‍ പിടികൂടി അവ പൊതുജനമധ്യേയിട്ടു നശിപ്പിക്കുകയാണ്‌ വേണ്ടത്‌. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ഇപ്പോള്‍ ചൈനയില്‍ നിര്‍മ്മിക്കുന്ന ഹെല്‍മറ്റുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും അതിന്റെ ഗുണനിലവാര പരിശോധന നടത്തി ഉറപ്പുവരുത്താന്‍ കേരളത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു പോലും മാര്‍ഗമില്ല. നാട്ടില്‍ അക്രമങ്ങളും മോഷണങ്ങളും പിടിച്ചുപറികളും പെരുകിയിട്ടും കുറ്റക്കാരെ പിടികൂടാന്‍ ശ്രമിക്കാതെയും ഗതാഗതം പോലും നിയന്ത്രിപ്പിക്കാന്‍ വിടാതെയും ജീപ്പു നിറയെ പൊലീസുകാരെ ഹെല്‍മറ്റ്‌ വേട്ടയ്‌ക്കു നിയോഗിക്കുന്നതിന്റെ ജോലി, സാമ്പത്തിക ലക്ഷ്യമാണെന്ന്‌ പരസ്യമായ രഹസ്യമാണ്‌.