Breaking News

Trending right now:
Description
 
Oct 05, 2017

ജോര്‍ജ്ജ്‌ കൊട്ടാരത്തിന്‌ നാസ്സോ കൗണ്ടിയുടെ പ്രശസ്‌തി പത്രം

മാത്യുക്കുട്ടി ഈശോ
image ന്യൂയോര്‍ക്ക്‌: സമഗ്ര സാമൂഹിക സേവനം പരിഗണിച്ച്‌ ന്യൂയോര്‍ക്ക്‌ സിറ്റിയിലെ സാമൂഹിക സേവകന്‍ ജോര്‍ജ്ജ്‌ കൊട്ടാരത്തിന്‌ നാസ്സോ കൗണ്ടിയുടെ പ്രശസ്‌തിപത്രം. കുടുംബ പ്രശ്‌നങ്ങളാലും മാനസിക പ്രശ്‌നങ്ങളാലും ആരോഗ്യ പ്രശ്‌നങ്ങളാലും ദുരിതമനുഭവിക്കുന്ന ധാരാളം ജനങ്ങള്‍ക്ക്‌ ജാതി-മത-ദേശ ഭേദമെന്യേ സാന്ത്വനവും സഹായവും നല്‍കിവരുന്ന ജോര്‍ജ്ജ്‌ കൊട്ടാരം, രണ്ട്‌ പതിറ്റാണ്ടില്‍ ഏറെയായി ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ ഹ്യൂമന്‍ റിസോഴ്‌സസ്‌ അഡ്‌മിനിസ്‌ട്രേഷനില്‍ സോഷ്യല്‍ വര്‍ക്കറായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്റെയും ഇന്‍ഡ്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ ന്യൂഹൈഡ്‌പാര്‍ക്കില്‍ നടത്തപ്പെട്ട ഓണാഘോഷത്തിന്റെ വര്‍ണ്ണാഭമായ ചടങ്ങില്‍ നാസ്സോ കൗണ്ടി ക്ലാര്‍ക്ക്‌ മൗറീന്‍ ഒകേണല്‍ പ്രശസ്‌തിപത്രം സമ്മാനിച്ചു.

ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ ക്ലബ്ബ്‌ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗം, കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്‌ സെക്രട്ടറി, ഇന്ത്യന്‍ കാത്തലിക്ക്‌ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ സെക്രട്ടറി, നോര്‍ത്ത്‌ ബെല്ലറോസ്‌ സിവിക്‌ അസോസിയേഷന്‍ അംഗം, സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ നാഷണല്‍ ചാരിറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും ജോര്‍ജ്ജ്‌ കൊട്ടാരം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. നൂയോര്‍ക്ക്‌ സിറ്റി സോഷ്യല്‍ സര്‍വീസ്‌ യൂണിയന്റെ ലോക്കല്‍ യൂണിയന്‍ ഡെലഗേറ്റ്‌ എന്ന നിലയില്‍ തൊഴിലാളികളുടെയും തൊഴില്‍ ദാദാക്കളുടെയും ഇടയില്‍ ഉടലെടുത്ത പല തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുന്നതിനും ജോര്‍ജ്ജ്‌ നേതൃത്വം വഹിച്ചു. കത്തോലിക്ക സഭയുടെ വിവിധ സന്നദ്ധ സംഘടനയിലും ന്യൂയോര്‍ക്ക്‌ സിറ്റി ഹൗസിങ്‌ അതോറിറ്റിയിലും മാനസിക രോഗവിമുക്തരുടെ ഇടയിലും ധാരാളം സേവനം അനുഷ്‌ടിച്ചിട്ടുള്ള ജോര്‍ജ്ജിനെ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ മെന്റല്‍ ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ 2004-ല്‍ ``എംബ്‌ളോയി ഓഫ്‌ ദി ഇയര്‍'' പുരസ്‌കാരം നല്‍കി ആദരിച്ചു. 

കളമശേരി രാജഗിരി കോളജ്‌ ഓഫ്‌ സോഷ്യല്‍ സയന്‍സില്‍ നിന്നും എം.എസ്‌. ഡബ്ല്യൂവും സോഷ്യല്‍ സര്‍വീസ്‌ ഡിപ്ലോമയും കളമശേരി എസ്‌സിഎംഎസ്‌ കോളജില്‍നിന്നു ജേര്‍ണലിസത്തില്‍ പിജി ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുള്ള ജോര്‍ജ്ജ,്‌ തൊണ്ണൂറുകളുടെ ആദ്യമാണ്‌ അമേരിക്കയിലേക്ക്‌ കുടിയേറിയത്‌.