Breaking News

Trending right now:
Description
 
Oct 05, 2017

അതിര്‍ത്തിയില്‍ രാത്രി പാക്ക്‌ ആക്രമണം

image ജമ്മുകാഷ്‌മീരിലെ പുഞ്ച്‌ ജില്ലയില്‍ നിയന്ത്രണമേഖലയില്‍ പാക്‌ സൈന്യം ആക്രമണം ശക്തമാക്കി. ഇന്ത്യന്‍ സൈനിക പോസ്‌റ്റുകളെയും ഗ്രാമീണരേയും ലക്ഷ്യമാക്കി പാക്ക്‌ സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്നു കരസേനാ ജവാന്‍മാര്‍ക്ക്‌ പരുക്കേറ്റു. ലാം സെക്ടറിലും പാക്‌സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണം രാത്രിവൈകിയും തുടരുകയാണ്‌. യാതൊരു പ്രകോപനവും കൂടാതെയാണ്‌ പാക്കിസ്ഥാന്‍ വെടിവയ്‌പും ഷെല്ലാക്രമണവും നടത്തുന്നതെന്നു സൈനിക വക്താവ്‌ പറഞ്ഞു. ചൊവ്വാഴ്‌ച പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്‌പില്‍ ഒരു കരസേനാ ജീവന്‍ വീരമര്‍ത്യുവരിച്ചിരുന്നു. ശ്രീനഗര്‍ ബിഎസ്‌എഫ്‌ ക്യാംപ്‌ ആക്രമിച്ച മൂന്നു ഭീകരരെ സുരക്ഷാസേന വധിക്കുകയും ചെയ്‌തു. തിങ്കളാഴ്‌ച പുഞ്ചില്‍ പാക്ക്‌ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ടുകുട്ടികള്‍ കൊല്ലപ്പെട്ടു. 17 ഗ്രാമീണര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തു. പാക്കിസ്ഥാന്‍ ഈവര്‍ഷം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു ഇന്ത്യയെ ആക്രമിച്ചത്‌ 503 തവണയാണ്‌. ഒക്ടോബര്‍ മൂന്നുവരെയുള്ള കണക്കുകള്‍ പ്രകാരമാണിത്‌. 14 ഭീകരരെ ഈ കാലയളവില്‍ ഇന്ത്യന്‍ സൈന്യം വധിച്ചു. 150 ഭീകരര്‍ കീഴടങ്ങിയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈവര്‍ഷം അതിര്‍ത്തിയില്‍ 291 ഭീകരാക്രമണങ്ങള്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്‌. 275 ഭീകരര്‍ കാഷ്‌മീരിലുണ്ടെന്നും ഇതില്‍ 250 പേര്‍ പുഞ്ചിലാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. ഈ കാലയളവില്‍ 56 നുഴഞ്ഞുകയറ്റ ശ്രമങ്ങളുണ്ടായി. നുഴഞ്ഞുകയറാന്‍ ശ്രമിച്ച 42 ഭീകരരെ സുരക്ഷാ സൈന്യം വധിക്കുകയും ചെയ്‌തു.